Asianet News MalayalamAsianet News Malayalam

'ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നു, ഗുരുതരമായ കടക്കെണി', വീണ്ടും ധവളപത്രവുമായി പ്രതിപക്ഷം

കാര്യക്ഷമമല്ലെന്നും ധൂര്‍ത്തും അഴിമതിയും കാരണം കേരളം തകര്‍ന്നെന്നും ധവളപത്രത്തിലുണ്ട്. കേന്ദ്രത്തിന്‍റെ നയങ്ങളെയും യുഡിഎഫ് കുറ്റപ്പെടുത്തുന്നുണ്ട്. 

UDF produced white paper says that Kerala is in serious debt crisis
Author
First Published Jan 28, 2023, 10:49 AM IST

തിരുവനന്തപുരം:  സംസ്ഥാനം അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലെന്ന് യുഡിഎഫ് ധവളപത്രം. സംസ്ഥാന സർക്കാരിന്‍റെ ധൂർത്തും അഴിമതിയും മോശം നികുതിപിരിവുമാണ് പ്രശ്നത്തിന്‍റെ കാരണമെന്നാണ് ഇന്ന് വൈകിട്ട് പുറത്തുവിടുന്ന ധവളപത്രത്തിലെ കുറ്റപ്പെടുത്തൽ. കട്ടപ്പുറത്തെ കേരള സർക്കാർ എന്നപേരിലാണ് ധവളപത്രം. മൂന്നിന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കാനിരിക്കെയാണ് സംസ്ഥാനത്തെ ധന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയുള്ള യുഡിഎഫ് ധവളപത്രം. കടം കയറി കുളമായ സ്ഥിതിയിലാണ് കേരളം. ഇങ്ങനെ പോയാൽ ഭാവിയിൽ കടം നാലുലക്ഷം കോടിയിൽ എത്തും. കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള അനുപാതം 30% താഴെ നിൽക്കണം.  2027 ൽ ഇത്  38.2% ആകുമെന്നാണ് ആര്‍ബിഐ പ്രവചനം. പക്ഷേ ഇപ്പോൾ തന്നെ 39.1% ആയി കഴിഞ്ഞെന്നാണ് ധവളപത്രത്തിലെ വിലയിരുത്തൽ.

വലിയ സംസ്‌ഥാനങ്ങളെക്കാൾ അപകടകരമായ സ്ഥിതിയാണിത്. യുഡിഎഫിന്‍റെ കഴിഞ്ഞ ധവളപത്രത്തിൽ 2019 ൽ പ്രവചിച്ചത് പോലെ കിഫ്ബി ഇപ്പോൾ നിർജീവമായി. കിഫ്ബി പക്കൽ ഇപ്പോൾ 3419 കോടി മാത്രമാണ് ഉള്ളത്. ഇതുകൊണ്ട് എങ്ങനെ 50,000 കോടി രൂപയുടെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുമെന്നാണ് ചോദ്യം. കേന്ദ്രത്തിന്‍റെ തെറ്റായ സമീപനം മൂലം 24000 കോടിയുടെ വരുമാനം നഷ്ടമായതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനമന്ത്രി പറയുന്നത്. എന്നാൽ പ്രധാന ഉത്തരവാദി സംസ്ഥാന സർക്കാർ തന്നെയെന്നാണ് യുഡിഎഫ് ധവളപത്രത്തിലെ വിമർശനം. ഏറ്റവും മോശപ്പെട്ട നികുതി പിരിവ് നടത്തുന്നത് കേരളമാണ്. ഒപ്പം ധൂർത്തും അഴിമതിയും വിലക്കയറ്റവും കാരണം കേരളം തകർന്നു. സർക്കാർ സാധാരണക്കാരെ മറന്ന് പ്രവർത്തിക്കുന്നത് കാരണം മുടങ്ങിയ പദ്ധതികളും റിപ്പോർട്ടിൽ അക്കമിട്ടു നിരത്തുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ വികലമായ നയങ്ങൾക്കും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.
 

Follow Us:
Download App:
  • android
  • ios