'കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്'.

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ദ്ധനവിന് എതിരെ യുഡിഎഫ് കുടുംബ സത്യഗ്രഹം ജൂലൈ 10 ന്. രാവിലെ 10 മുതല്‍ 11 മണിവരെ വീടുകള്‍ക്ക് മുന്നിലായിരിക്കും സത്യഗ്രഹം. പാചകവാതകത്തിന് ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്. 

പെട്രോള്‍ വില 100 രൂപ കടന്നിരിക്കുന്നു. ഈ വര്‍ഷം ആറുമാസത്തിനിടെ ഇതുവരെ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് രണ്ടുമാസം വില കൂട്ടിയില്ല. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍, കേന്ദ്രസര്‍ക്കാര്‍ 300 ശതമാനം നികുതി വര്‍ദ്ധിപ്പിച്ചു. ഇപ്പോള്‍ പെട്രോളിന്‍റെ ഉത്പന്നവില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളും, സെസുമാണ്. നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് തയ്യാറായില്ലെങ്കില്‍ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്ന് നേതാക്കള്‍ പറഞ്ഞു.