ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്താലും പ്രശ്നമല്ലെന്ന് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോതമംഗലം: കാട്ടാന ആക്രമണത്തിൽ നേര്യമംഗലത്ത് കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധിച്ച സംഭവത്തില്‍ കണ്ടാലറിയുന്ന 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയിൽ ആക്രമണം നടത്തൽ, മൃതദേഹത്തോട് അനാഥരവ് എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകലാണ് 14 പേര്‍ക്കെതിരെയും ചുമത്തിയിരിക്കുന്നത്. എംപിയും എം.എൽ.എയും ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് രണ്ട് കേസ്. ആശുപത്രിയിൽനിന്ന് മൃതദേഹം എടുത്തു കൊണ്ടുപോയതിന് മാത്യു കുഴൽനാടനും കണ്ടാലറിയാവുന്നവർക്കുമെതിരെ കേസ്. റോഡ് ഉപരോധിച്ചതിന് ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ, ഷിബു തെക്കുംപുറം എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അതേസമയം, കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിരയുടെ കുടുംബത്തിന് നീതി തേടി എംഎൽഎമാരുടെ നിരാഹാര സമരം രാത്രി വൈകിയും കോതമംഗലത്ത് തുടരുകയാണ്. മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനും പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിലും ആണ് നിരാഹാരം ഇരിക്കുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്താലും പ്രശ്നമല്ലെന്ന് നേതാക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നാടകീയ രംഗങ്ങള്‍ക്കൊടുവിൽ വൈകിട്ടോടെ പ്രതിഷേധക്കാരുടെ കൈയ്യിൽ നിന്നും മൃതദേഹം പൊലീസ് പിടിച്ചെടുത്ത് കൊണ്ടുപോവുകയായിരുന്നു. മൃതദേഹം സൂക്ഷിച്ച ഫ്രീസര്‍ റോഡിലൂടെ വലിച്ചുകൊണ്ടുപോയി പിന്നീട് ആംബുലൻസിലേക്ക് മാറ്റിയശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. എന്നാൽ കളക്ടറുമായി വിഷയം ചര്‍ച്ച ചെയ്യാനിരിക്കെ പൊലീസ് മൃതദേഹം പിടിച്ചെടുത്തതിനെ കോൺഗ്രസ് വിമര്‍ശിച്ചു. സര്‍ക്കാരിന് ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ കുറ്റപ്പെടുത്തി.കോതമംഗലത്ത് റോഡിൽ മൃതദേഹം വച്ചായിരുന്നു കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്. മന്ത്രി നേരിട്ട് വന്ന് വന്യമൃഗ ശല്യത്തിൽ ഇനിയൊരു അപകടം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകണമെന്നായിരുന്നു ആവശ്യം. പിന്നീട് ജില്ലാ കളക്ടര്‍ നേരിട്ട് സ്ഥലത്തെത്തി ചര്‍ച്ച ചെയ്യണം എന്ന് ആവശ്യപ്പെട്ടു. ഇതിന് കളക്ടര്‍ തയ്യാറായില്ല.

കളക്ടറെ സര്‍ക്കാര്‍ തടയുകയാണെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. റോഡിൽ ഷെഡ് കെട്ടിയാണ് മൃതദേഹം വച്ചിരുന്നത്. ഈ ഷെഡ് പൊളിച്ച പൊലീസ് പ്രവര്‍ത്തകരെ പിടിച്ചുമാറ്റിയ ശേഷം മൃതദേഹം സൂക്ഷിച്ചിരുന്ന ഫ്രീസര്‍ പൊലീസുകാര്‍ ഇവിടെ നിന്നും വലിച്ചുമാറ്റി. ഇതിനിടയിൽ മരിച്ച സ്ത്രീയുടെ ബന്ധുക്കളെയും പൊലീസ് ബലം പ്രയോഗിച്ച് നീക്കിയെന്നാണ് ആരോപണം. 

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര 70 ആണ് ഇന്ന് രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കൂവ വിളവെടുക്കുന്നതിന് ഇടയിൽ കാട്ടാന ആക്രമിക്കുകയായിരുന്നു. കോതമം​ഗലത്തെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിച്ചു. മൃതദേഹം കോതമം​ഗലം താലൂക്ക് ആശുപത്രിയിലായിരുന്നു. ഇൻക്വസ്റ്റ് നടപടിക്കായി പൊലീസ് എത്തിയപ്പോൾ തടഞ്ഞ കോൺഗ്രസ് നേതാക്കൾ മൃതദേഹവുമായി റോഡിലേക്ക് പോവുകയായിരുന്നു.