Asianet News MalayalamAsianet News Malayalam

യുഡിഎഫ് പ്രത്യക്ഷ സമരം വീണ്ടും തുടങ്ങി, മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് നേതാക്കളുടെ പ്രതിഷേധം

രാജാവ് നഗ്നനാണെന്ന് പറയേണ്ട സാഹചര്യം വന്നുവെന്നും ഇനിയെങ്കിലും മുഖ്യമന്ത്രി രാജിക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

UDF resumes direct protest in kerala
Author
Thiruvananthapuram, First Published Oct 8, 2020, 1:23 PM IST

തിരുവനന്തപുരം: കൊവിഡ് പടരുന്ന പശ്ചാത്തലത്തിൽ നിർത്തിവെച്ച സർക്കാരിനെതിരായ പ്രത്യക്ഷ സമരം യുഡിഎഫ് പുനരാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ മുതിർന്ന യുഡിഎഫ് നേതാക്കൾ സെക്രട്ടറിയിലേക്ക് മാർച്ച്  നടത്തി. പ്രത്യക്ഷസമരങ്ങൾ നടത്തേണ്ടതില്ലെന്ന തീരുമാനം പിൻവലിച്ചായിരുന്നു പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിലുള്ള സമരം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു അഞ്ച് നേതാക്കൾ മാത്രം അണിനിരന്ന  സമരം.

മുഖ്യമന്ത്രി നുണ പറഞ്ഞ് ജനങ്ങളെ വഞ്ചിച്ചതായി രമേശ് ചെന്നിത്തല ആരോപിച്ചു. 'ജനങ്ങൾ വഞ്ചിക്കപ്പെട്ടു. 6 തവണ മുഖ്യമന്ത്രി സ്വപ്നാസുരേഷിനെ കണ്ടു. ഇക്കാര്യങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറയുകയായാണ്. രാജാവ് നഗ്നനാണെന്ന് പറയേണ്ട സാഹചര്യം വന്നു'. ഇനിയെങ്കിലും മുഖ്യമന്ത്രി രാജിക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കയ്യാമം വെച്ച് കൊണ്ട് പോകുന്നത് കാണാൻ വയ്യാത്തതിനാൽ പാർട്ടി രാജി ആവശ്യപ്പെടണമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. 

സർക്കാരിനെതിരെ പ്രത്യക്ഷസമരം പിൻവലിക്കാനുള്ള തീരുമാനം കോൺഗ്രസിൽ വലിയ പൊട്ടിത്തെറിക്ക് കാരണമായിരുന്നു. തുടർന്നായിരുന്നു സമരം വീണ്ടും നടത്താൻ തീരുമാനിച്ചത്. ഇന്ന് ചേർന്ന യുഡിഎഫ് സബ്കമ്മിറ്റിയോഗത്തിന് ശേഷം പെട്ടെന്ന് പ്രകടനം നടത്താൻ നേതാക്കൾ തീരുമാനിക്കയായിരുന്നു.

Follow Us:
Download App:
  • android
  • ios