വി ഡി സതീശൻ്റെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

തിരുവനന്തപുരം: തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ തുടങ്ങിയവർ എത്തും. കർണാടക, തെലങ്കാന മുഖ്യമന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്. മന്ത്രിമാരൊന്നാകെ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വ്യാഴാഴ്ചയാണ് ആദ്യ നിയമസഭാ സമ്മേളനം. അന്ന് എംഎൽഎമാരുടെ സത്യപ്രതിജ്‌‌ഞ നടക്കും.

Add Asianetnews as a Preferred SourcegooglePreferred

പത്ത് ദിവസം നീണ്ട അനിശ്ചിതത്വങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും ഒടുവിലാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ഏറെ വൈകിയ പ്രഖ്യാപനത്തിൽ നിർണായകമായത് ജനവികാരവും ഘടക കക്ഷികളുടെ നിലപാടുകളുമാണ്. പല ട്വിസ്റ്റുകള്‍ക്ക് ഒടുവിലാണ് വി ഡി സതീശന്‍ മുഖ്യമന്ത്രി ആയത്. ഇന്നലെ രാവിലെ എട്ട് അന്‍പതിന് കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധിയുടെ വീട്ടിലേക്ക് വിളിപ്പിച്ചതോടെയാണ് പ്രഖ്യാപനത്തിനുള്ള തിരക്കിട്ട നീക്കങ്ങള്‍ തുടങ്ങിയത്. വി ഡി സതീശനെ മുഖ്യമന്ത്രിയായി നിശ്ചയിച്ച കാര്യം മൂന്ന് മണിക്കൂറോളം നീണ്ട ചര്‍ച്ചക്കിടെയാണ് കെ സി വേണുഗോപാലിനെ അറിയിച്ചത്. അനുനയിപ്പിച്ച് ഒപ്പം നിര്‍ത്താനുള്ള നീക്കത്തില്‍ പ്രിയങ്ക ഗാന്ധിയും പങ്ക് ചേര്‍ന്നു.

കെ സി വേണുഗോപാലിനെ രാഹുല്‍ ഗാന്ധി അനുനയിപ്പിച്ചതിന് പിന്നാലെ രമേശ് ചെന്നിത്തലയെ വിളിച്ചു. തീരുമാനം വിശദീകരിച്ചപ്പോൾ ചെന്നിത്തല കടുത്ത അതൃപ്തി അറിയിച്ചു. ഇതിനിടെ നിരീക്ഷകരായ മുകുള്‍ വാസ്നുിക്, അജയ് മാക്കന്‍ മാധ്യമവിഭാഗം മേധാവി ജയറാം രമേശ്, എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവര്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വീട്ടിലെത്തി. ദില്ലിയില്‍ തന്നെ പ്രഖ്യാപനം നടത്താന്‍ എഐസിസി നിശ്ചയിക്കുകയായിരുന്നു. തീരുമാനം അംഗീകരിക്കുന്നുവെന്ന് കെ സി വേണുഗോപാല്‍ പരസ്യമായി പറഞ്ഞതോടെ ഹൈക്കമാന്‍ഡിന് മുന്നിലെ തടസങ്ങള്‍ നീങ്ങി.

കോൺ​ഗ്രസിന് 11 മന്ത്രിമാരും സ്പീക്കറും, മുസ്ലിം ലീ​ഗിന് അഞ്ച് മന്ത്രിമാർ

വി ഡി സതീശൻ ക്യാബിനറ്റിൽ കോൺഗ്രസിന് മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാർ ആയിരിക്കുമെന്ന് സൂചന. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും കോൺഗ്രസിൽ നിന്നായിരിക്കും. പ്രധാന ഘടക കക്ഷിയായ മുസ്ലിം ലീഗിന് അഞ്ച് മന്ത്രിമാർ അനുവദിക്കും. ഏക അംഗമുള്ള കക്ഷികൾക്ക് ഫുൾ ടേം നൽകാനും ധാരണയായി. ആരൊക്കെയാകും മന്ത്രിമാർ എന്നതാണ് ഇനിയുള്ള ആകാംക്ഷ. രമേശ് ചെന്നിത്തലയെ മന്ത്രിയാകാൻ വി ഡി സതീശൻ ക്ഷണിക്കും. ചെന്നിത്തല നിലപാടിൽ അയവ് വരുത്തിയെന്നാണ് സൂചന. ഇതോടെ കോൺ​ഗ്രിലെ മുൻനിര നേതാക്കൾ മന്ത്രിസഭയിലുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായി. വി ടി ബല്‍റാം, ഐ സി ബാലകൃഷ്ണന്‍, ചാണ്ടി ഉമ്മന്‍ തുടങ്ങിയ എംഎല്‍എമാരെ മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുണ്ട്.