തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി കൊണ്ട് പ്രതിപക്ഷ നേതാവ് ഉയര്‍ത്തി കൊണ്ടു വന്ന ആഴക്കടൽ മത്സ്യബന്ധന വിവാദം തീരദേശമേഖലകളിൽ സജീവ ചര്‍ച്ചയാക്കി നിര്‍ത്താൻ യുഡിഎഫ് ഒരുങ്ങുന്നു. വിഷയം താഴത്തട്ടിൽ ചര്‍ച്ചയാക്കുക എന്ന ലക്ഷ്യത്തോടെ യുഡിഎഫ് രണ്ട് പ്രചാരണ ജാഥകൾ സംഘടിപ്പിക്കും.

വിഴിഞ്ഞത് നിന്ന് വടക്കോട്ടും കാസര്‍കോട് നിന്നും തെക്കോട്ടുമായിരിക്കും പ്രചാരണ ജാഥകൾ. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന തെക്കൻ മേഖല പ്രചാരണ ജാഥ ഷിബു ബേബി ജോണും വടക്കൻ മേഖല ജാഥ ടി.എൻ.പ്രതാപൻ എംപിയും നയിക്കും. രണ്ട് ജാഥകളും എറണാകുളത്ത് വച്ച് മാര്‍ച്ച് അഞ്ചിന് സമാപിക്കും. കേരളത്തിലെ മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയെല്ലാം പ്രചാരണ ജാഥ കടന്നു പോവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു. 

യുഡിഎഫിൻ്റെ അടുത്ത യോഗം മാര്‍ച്ച് 28-ന് ചേരുമെന്നും അതിനകം ഉഭയകക്ഷി ചര്‍ച്ച പൂര്‍ത്തിയാക്കി സീറ്റ് വിഭജനത്തിൽ ധാരണയിലെത്തുമെന്നും ചെന്നിത്തലയും മുല്ലപ്പള്ളിയും അറിയിച്ചു. കാപ്പൻ്റെ കാര്യത്തിലും അടുത്ത യുഡിഎഫ് യോഗത്തിലാവും അന്തിമ തീരുമാനമുണ്ടാക്കുക. 

ഇഎംസിസി കമ്പനിയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞത് സത്യമാണെങ്കിൽ അദ്ദേഹം തെളിവ് പുറത്തു വിടണമെന്ന് ചെന്നിത്തല പറഞ്ഞു. ന്യൂയോർക്കിൽ വച്ച് മുരളീധരന കമ്പനി അധികൃതര്‍ കണ്ടുവെങ്കിൽ അതും വെളിപ്പെടുത്തണം. ഇഎംസിസിയുടെ കാര്യത്തിൽ കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒത്ത് കളിയാണോ എന്ന് സംശയിക്കുന്നതായും കരാറിൻ്റെ പേരിൽ ഉദ്യോഗസ്ഥരെ ബലിയാടാക്കേണ്ടെന്നും ചെന്നിത്തല പറഞ്ഞു.