തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ 13 ജില്ലകളിൽ യുഡിഎഫ്  ഇന്ന് മനുഷ്യഭൂപടം തീർക്കും. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ലോംഗ് മാർച്ചും നടത്തും. കേന്ദ്രത്തിനും ഗവർണ്ണർക്കും ഒപ്പം സംസ്ഥാന സർക്കാറിനുമെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് യുഡിഎഫിന്‍റെ തീരുമാനം.

എൽഡിഎഫിന്‍റെ മനുഷ്യ മഹാശൃംഖലയ്ക്ക് പിന്നാലെ യുഡിഎഫിന്‍റെ മനുഷ്യഭൂപടം ഒരുങ്ങുന്നത്. ഭൂപടം തീർക്കൽ കേന്ദ്രത്തിനെതിരെയാണ് പ്രഖ്യാപിച്ചതെങ്കിലും സംസ്ഥാന സർക്കാറും ഇപ്പോൾ യുഡിഎഫിന് ശത്രുപക്ഷത്താണ്. ശൃംഖലയിലെ ന്യൂനപക്ഷ സമുദായ പ്രാതിനിധ്യം കണക്കിലെടുത്ത് പരമാവധി മത-സാമൂഹ്യ-സാംസ്ക്കാരിക നേതാക്കളെ അണിനിരത്താനാണ് യുഡിഎഫിന്‍റെ നീക്കം.

ജില്ലയിലെ തെരഞ്ഞെടുത്ത സ്ഥലങ്ങളിലാണ് ഭൂപടം തീർക്കുന്നത്. ഇന്ത്യയുടെ ഭൂപടത്തിന്‍റെ മാതൃകയിൽ നേതാക്കളും അണികളും മൂവർണ്ണ നിറത്തിലെ തൊപ്പികൾ ധരിച്ച് അണിചേരും. നാലുമണിക്ക് റിഹേഴ്സൽ നടക്കും. നാലരക്കാണ് പൊതുയോഗം. 5.05 ന് ഭൂപടം തീർക്കും. ഗാന്ധിജി വെടിയേറ്റ് വീണ 5.17 ന് ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലും. തിരുവനന്തപുരത്ത് എ കെ ആന്‍റണിയും മറ്റിടങ്ങളിൽ പ്രമുഖ നേതാക്കലും നേതൃത്വം നൽകും.കല്‍പറ്റ എസ്കെഎംജെ സ്കൂളിൽ നിന്നും പുതിയ സ്റ്റാൻഡ് വരെയാണ് വയനാട് എംപി രാഹുല്‍ഗാന്ധി നയിക്കുന്ന ഭരണഘടനാ സംരക്ഷണ റാലി. തുടര്‍ന്ന്, രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ സംസാരിക്കും. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയ മുതിർന്ന കോൺഗ്രസ് നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. യുഡിഎഫ് ജില്ലാ കമ്മറ്റിയാണ് റാലി സംഘടിപ്പിക്കുന്നത്. റാലിയോടനുബന്ധിച്ച് കല്‍പറ്റയില്‍ രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ കർശന ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവിയും അറിയിച്ചിട്ടുണ്ട്.