തിരുവനന്തപുരം: മുഖ്യമന്ത്രി നൽകിയ അധികാരം ഉപയോഗിച്ചാണ് ശിവശങ്കർ സ്വർണ്ണക്കടത്തിന് സഹായം നൽകിയതെന്ന് എം എം ഹസ്സൻ. മുഖ്യന്ത്രിക്ക് ധാർമിക ഉത്തരവാദിത്തിൽ നിന്ന് ഒളിച്ചോടാൻ പറ്റില്ലെന്നും നിയമത്തിന്റെ കരങ്ങൾ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാൻ എത്ര സമയം വേണ്ടി വരുമെന്നറിയില്ലെന്നും ഹസ്സൻ തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കും. 

വാർഡ് തലത്തിൽ ഉപവാസ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. രണ്ട് ലക്ഷം പ്രവർത്തകർ സമരത്തിൽ പങ്കെടുക്കുമെന്ന് ഹസ്സൻ അറിയിച്ചു. രണ്ട് മന്ത്രിമാരെക്കൂടി ചോദ്യം ചെയ്യാൻ പോകുന്നുവെന്നാണ് റിപ്പോർട്ടെന്നും ഹസ്സൻ ചൂണ്ടിക്കാട്ടി. അപ്പോഴും സിപിഎം നേതാക്കൾ പറയുന്നത് രാജി ആവശ്യമില്ലെന്നാണ്. കാന രാജേന്ദ്രൻ്റെ പ്രസ്താവന ചിരിപ്പിക്കുന്നതാണെന്നും ഹസൻ പറയുന്നു. സിപിഎം ജന്മിത്വത്തിലെ കുടിയിരിപ്പുകാരൻ്റെ ശബ്ദമാണ് കാനത്തിന്റേതെന്ന് ഹസൻ പരിഹസിച്ചു

ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് നടപടിയെടുക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരമുണ്ടെന്നും ആ ചോദ്യം ചെയ്യലും ഈ അറസ്റ്റും തമ്മിൽ ബന്ധിപ്പിക്കേണ്ടെന്നും ഹസ്സൻ വ്യക്തമാക്കി.