സിവില്‍ സര്‍വ്വീസിന് മുന്‍പ് കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വേണു രാജാമണി. മഹാരാജാസ് കോളേജില്‍ കെഎസ് യുവിന്‍റെ ചെയര്‍മാനായിരുന്നു അദ്ദേഹം.

തിരുവനന്തപുരം: നയതന്ത്ര വിദഗ്ദന്‍ വേണു രാജാമണിയെ വട്ടിയൂര്‍ക്കാവില്‍ മത്സരിപ്പിക്കാന്‍ യുഡിഎഫ് നീക്കം. എന്നാല്‍ മത്സര രംഗത്തേക്കില്ലെന്ന നിലപാടിലാണ് വേണു രാജാമണി. കേന്ദ്ര നേതൃത്വത്തെ ഉള്‍പ്പടെ ഇടപെടുത്തി വേണു രാജാമണിയെ അനുനയിപ്പിച്ച് ഉപതെരെഞ്ഞെടുപ്പില്‍ കൈവിട്ട വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാനാണ് യുഡിഎഫ് നീക്കം.

സിവില്‍ സര്‍വ്വീസിന് മുന്‍പ് കോളേജ് പഠനകാലത്ത് രാഷ്ട്രീയത്തില്‍ സജീവമായിരുന്നു വേണു രാജാമണി. മഹാരാജാസ് കോളേജില്‍ കെഎസ് യുവിന്‍റെ ചെയര്‍മാനായിരുന്നു അദ്ദേഹം. ദില്ലി ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയിലെ പഠനകാലത്ത് വൈസ്ചെയര്‍മാനായും രാഷ്ട്രീയത്തില്‍ തിളങ്ങി. പിന്നീട് സിവില്‍ സര്‍വ്വീസ് കാലത്ത് രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നിന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച് കേരളത്തിലേക്ക് മടങ്ങിയ വേണു രാജാമണിയെ വീണ്ടും കൂടെ നിര്‍ത്താനാണ് പഴയ രാഷ്ട്രീയ സുഹൃത്തുകളുടെ നീക്കം. എന്നാല്‍ തല്‍ക്കാലം തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഇല്ലെന്ന് വേണു രാജാമണി വ്യക്തമാക്കുമ്പോഴും യുഡിഎഫിന്‍റെ സ്ഥാനാര്‍ത്ഥി പരിഗണന പട്ടികയില്‍ അദ്ദേഹത്തിന്‍റെ പേരുമുണ്ട്. വരും ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണ ചര്‍ച്ചകള്‍ യുഡിഎഫ് നടത്തുമ്പോള്‍ ഇക്കാര്യത്തില്‍ അന്തിമ രൂപമാവുമെന്നാണ് കരുതുന്നത്. വേണു രാജാമണിയുമായി യുഡിഎഫ് നേതൃത്വം താമസിയാതെ ഇക്കാര്യത്തില്‍ ആശയവിനിമയം നടത്തിയേക്കും.