സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് പരാതി നൽകില്ല: എംഎം ഹസൻ
ഗണേഷിനെ മുന്നണിയിലേക്ക് എടുക്കുന്ന പ്രശ്നമില്ലെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ വഞ്ചകനാണ് ഗണേഷ് കുമാറെന്നും എംഎം ഹസൻ പറഞ്ഞു.

തിരുവനന്തപുരം: സോളാർ ഗൂഢാലോചന അന്വേഷിക്കാൻ യുഡിഎഫ് പരാതി നൽകില്ലെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. സി ബി ഐ റിപ്പോർട്ട് ഉള്ളതിനാൽ ഇനി അന്വേഷണം ആവശ്യമില്ലെന്നും എംഎം ഹസൻ പറഞ്ഞു. എന്നാൽ സിബിഐ കണ്ടത്തലിന്റെ അടിസ്ഥാത്തിൽ സർക്കാരിന് അന്വേഷണം നടത്താമെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഇതിനായി യുഡിഎഫ് പരാതി നൽകില്ലെന്നും അദ്ദേഹം വിവരിച്ചു. സോളാർ തട്ടിപ്പ് കേസിൽ അന്വേഷണം പൂർത്തിയായെന്നും അതിൽ ഇനി ഒരു അന്വേഷണം ആവശ്യമില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു. ഗണേഷ് കുമാറിനെ മുന്നണിയിലേക്ക് എടുക്കുന്ന പ്രശ്നമില്ലെന്നും സാമൂഹിക വിരുദ്ധ പ്രവർത്തനം നടത്തിയ വഞ്ചകനാണ് ഗണേഷെന്നും യുഡിഎഫ് കൺവീനർ പറഞ്ഞു.
അതേസമയം സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദ കത്തില്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തള്ളി ടിജി നന്ദകുമാർ ഇന്ന് രാവിലെ രംഗത്തെത്തിയിരുന്നു. പരാതിക്കാരിയുടെ കത്ത് വി എസ് അച്യുതാനന്ദനെയും പാര്‍ട്ടിയുടെ അന്നത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനെയും കാണിച്ചിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കത്തിനെ കുറിച്ച് പിണറായി വിജയനുമായി ചര്‍ച്ച ചെയ്തിരുന്നതെന്നും ടിജി നന്ദകുമാർ പറഞ്ഞിരുന്നു.
ഇനി ഒരു അന്വേഷണം സോളാർ ഗൂഢാലോചനയിൽ ഉണ്ടായാൽ തങ്ങളെ കൂടി ബാധിക്കുമെന്ന അശങ്ക യുഡിഎഫ് നേതാക്കൾക്കുണ്ട്. ടിജി നന്ദകുമാർ തന്റെ വാർത്തസമ്മേള്ളനത്തിൽ പിണറായി വിജയനും വി എസ് അച്യുതാനന്ദനും പുറമേ യുഡിഎഫന്റെ കാലത്ത് ആഭ്യന്തര മന്ത്രിമാരായിരുന്ന രണ്ട് നേതാക്കൾക്കും ഉമ്മൻ ചാണ്ടിക്കെതിരായ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. അതേസമയം സിപിഎം യുഡിഎഫിന്റെ ഈ തീരുമാനം രാഷ്ട്രീയ ആയുധമാക്കുമെന്ന കാര്യത്തിൽ സംശയമില്ല.