Asianet News MalayalamAsianet News Malayalam

'താൻ കോൺഗ്രസുകാരി'; കള്ളവോട്ടിന് പേര് ചേർത്തെന്ന് ചെന്നിത്തല ആരോപിച്ച കുമാരി

ആരുടെയോ പിഴവിന് തങ്ങൾ എന്ത് ചെയ്‌തെന്ന് കുമാരിയുടെ ഭർത്താവ് രവീന്ദ്രൻ ചോദിക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർത്തത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണെന്നും ഇവര്‍ പറയുന്നു.
 

Udma native kumari about ramesh chennithala fake votes alligation
Author
Kasaragod, First Published Mar 17, 2021, 5:22 PM IST

കാസര്‍കോട്: താൻ കോൺഗ്രസുകാരിയെന്ന് ഉദുമയിലെ വോട്ടറായ കുമാരി. ഇന്ന് രാവിലെ അഞ്ചുവോട്ട് ഉണ്ടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ച വോട്ടറാണ് കുമാരി. ആരുടെയോ പിഴവിന് തങ്ങൾ എന്ത് ചെയ്‌തെന്ന് കുമാരിയുടെ ഭർത്താവ് രവീന്ദ്രൻ ചോദിക്കുന്നു. വോട്ടർപട്ടികയിൽ പേര് ചേർത്തത് പ്രാദേശിക കോൺഗ്രസ് നേതൃത്വമാണെന്നും ഇവര്‍ പറയുന്നു.

സംസ്ഥാനത്തെമ്പാടും വ്യാപകമായി കള്ളവോട്ട് ചേർത്തെന്ന ആരോപണത്തിനൊപ്പം ചേര്‍ത്തുകൊണ്ടാണ് ചെന്നിത്തല വോട്ടര്‍ പട്ടികയിലെ ആവര്‍ത്തനം ചൂണ്ടിക്കാട്ടിയത്. ഉദുമ മണ്ഡലത്തിൽ 164-ാം നമ്പർ ബൂത്തിൽ ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടുണ്ടെന്നാണ് ചെന്നിത്തല പറഞ്ഞത്. ലിസ്റ്റ് തിരുത്തണമെന്നും സമഗ്രഅന്വേഷണം വേണമെന്നും ചെന്നിത്തല തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറും അറിയിച്ചിരുന്നു.

ജനുവരി 20 ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിലാണ് വ്യാപകമായി കള്ളവോട്ട് ചേർത്തിരിക്കുന്നത്. ഒരേ വിലാസവും ഒരേ ഫോട്ടോയും ഉപയോഗിച്ചാണ് അ‍ഞ്ച് തവണ വരെ ചിലർ പേര് ചേർത്തിരിക്കുന്നത്. ഒരേ മണ്ഡലത്തിൽ തന്നെ ഒരു വ്യക്തിക്ക് നിരവധി ഐഡി കാർഡുകളും നൽകി. ഉദുമ മണ്ഡലത്തിലെ കുമാരി എന്ന വോട്ടറുടെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തലയുടെ ആക്ഷേപം.

ഇതുപോലെ നാദാപുരത്ത് 6171 പേരെയും കൂത്തുപറമ്പിൽ 3525  അമ്പലപ്പുഴയിൽ 4750 പേരേയും ചേർത്തുവെന്ന് ചെന്നിത്തല ആരോപിച്ചു. കഴക്കൂട്ടത്ത് 4506ഉം കൊല്ലം മണ്ഡലത്തിൽ 2534 ഉം തൃക്കരിപ്പൂറിൽ  1436ഉം പേരെ ഇങ്ങനെ ചേർത്തുവെന്നാണ് വെളിപ്പെടുത്തൽ. ഭരണകക്ഷിയോട് കൂറുള്ള ഉദ്യോഗസ്ഥരാണ് ക്രമക്കേട് നടത്തിയതെന്നാണ് ചെന്നിത്തലയുടെ ആക്ഷേപം. 6 മണ്ഡലത്തിലെ തെളിവുകളുമായാണ് പ്രതിപക്ഷനേതാവ് ചീഫ് ഇലക്ട്രൽ ഓഫീസർക്ക് പരാതി നൽകിയത്.

Follow Us:
Download App:
  • android
  • ios