കൊവിഡ് എന്ന മഹാമാരിയിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി നിരവധി പേരാണ് ഓരോ ദിവസവും രം​ഗത്തെത്തുന്നത്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ എത്തുന്നു. ഇതിനിടയിൽ സമൂഹമാധ്യമങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ദ്രുപത് എന്ന കൊച്ചുമിടുക്കനെ.

സ്റ്റഡി ടേബിൾ വാങ്ങിക്കാൻ കരുതിവെച്ചിരുന്ന തന്റെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്താണ് ഈ മിടുക്കൻ ശ്രദ്ധപിടിച്ചുപറ്റിയിരിക്കുന്നത്. തലശ്ശേരി സബ് ഇൻസ്പെക്ടർ ബിനു മോഹനെയാണ് ദ്രുപത് പണം ഏൽപ്പിച്ചത്. എരഞ്ഞോളി നവാസ് എൽ പി സ്കൂളിലെ യുകെജി വിദ്യർത്ഥിയാണ് ദ്രുപത്. 

തന്റെ അടുത്തുവന്ന കുട്ടിയോട് ബിനു മോഹൻ കാര്യങ്ങൾ തിരക്കുന്നതും സ്റ്റഡി ടേബിൾ വാങ്ങിക്കാൻ സൂക്ഷിച്ച പണമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതെന്ന് ദ്രുപത് പറയുന്നതും വീഡിയോയിൽ കാണാം. സമൂഹമാധ്യങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന പ്രവൃത്തി ചെയ്ത ദ്രുപതിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.
 

"