ഉമാ തോമസ് സിറോ മലബാർ സഭ ആസ്ഥാനത്ത്; ഡോ. ജോ ജോസഫ് സഭാ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് സതീശൻ; പരിഹസിച്ച് റിയാസ്
എറണാകുളം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ് സിറോ മലബാർ സഭ ആസ്ഥാനത്തെത്തി. ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ നോമിനിയാണെന്ന പ്രചാരങ്ങൾക്കിടെയാണ് ഉമയുടെ സന്ദർശനം. വൈദികരെ നേരിൽക്കണ്ട് ഉമ വോട്ടഭ്യർത്ഥിച്ചു. എല്ലാവരുടെ വോട്ട് വേണമെന്നും സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമാ തോമസ് പറഞ്ഞു. രാഷ്‌ടീയ പോരാട്ടമാണ് നടക്കുന്നത്, അതിലേക്ക് സഭയെ വലിച്ചിഴക്കേണ്ടതില്ല. കർദ്ദിനാൾ എത്തിയാൽ വീണ്ടും എത്തി വോട്ട് അഭ്യർത്ഥിക്കുമെന്നും ഉമാ തോമസ് പറഞ്ഞു.
സഭാ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി.സതീശൻ
തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർത്ഥിയാണെന്ന് യുഡിഎഫ് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട വിവാദത്തിലേക്ക് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്നും സതീശൻ കുറ്റപ്പെടുത്തി. സഭയുടെ സ്ഥാപനത്തിൽ വച്ച് വാർത്താസമ്മേളനം നടത്തി. സഭയുടെ ചിഹ്നമുള്ള ഇടത്തിരുന്ന് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് മന്ത്രി പി.രാജീവ് അല്ലെയെന്നും വി.ഡി.സതീശൻ ചോദിച്ചു. ആശുപത്രിയിൽ പോയി നാടകം കാണിച്ചത് എന്തിനെന്ന് പറയേണ്ടത് പി.രാജീവ് ആണ്. സിപിഎം തീരുമാനത്തിന് സഭയുടെ പിന്തുണ ഉണ്ടെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയായിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായതിന് പി.രാജീവ് കോൺഗ്രസ്സുകാരുടെ മെക്കിട്ട് കേറണ്ടെന്നും സതീശൻ കൊച്ചിയിൽ പറഞ്ഞു.
'സ്ഥാനാർത്ഥിയെ ഞങ്ങൾ തെരഞ്ഞെടുത്തോട്ടെ': റിയാസ്
സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമെങ്കിലും എൽഡിഎഫിന് തരണമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. യുഡിഎഫ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചപ്പോൾ എൽഡിഎഫ് മിണ്ടിയിട്ടില്ലല്ലോ എന്നും കോൺഗ്രസ് നേതാക്കളുടെ കരച്ചിൽ വ്യക്തമാക്കുന്നത് ഇടതുമുന്നണി സ്ഥാനാർത്ഥി ശക്തനാണ് എന്നതാണെന്നും റിയാസ് കണ്ണൂരിൽ പറഞ്ഞു.
