കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് എവിടെയാണ് തെറ്റുപറ്റിയതെന്ന് വിശദമായി അന്വേഷിക്കുമെന്ന് കോൺ​ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. തെറ്റ് തിരുത്തി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രഥമ ദൃഷ്ട്യാ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ നിന്നും ബിജെപിക്ക് ലഭിച്ച വോട്ട് വളരെയധികം കുറഞ്ഞുവെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

'തിളക്കമാർന്ന വിജയമാണ് കോട്ടയം പാർലമെന്റ് നിയോജക മണ്ഡലത്തിലും നിയമസഭാ മണ്ഡലത്തിലും യുഡിഎഫിന് ഉണ്ടായിരുന്നത്. അവയിൽ നിന്നും വ്യത്യസ്തമായ തെരഞ്ഞെടുപ്പ് ഫലമാണ് പാലായിൽ ഉണ്ടായിരിക്കുന്നത്. പരാജയത്തിൽ ഒരിക്കലും കോൺ​ഗ്രസ് പതറില്ല. പ്രതീക്ഷിക്കാത്ത പരാജയമാണ് ഇപ്പോൾ ഉണ്ടായതെന്ന് സമ്മതിക്കുന്നു. എന്നാൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ശക്തമായ അടിത്തറയാണ് കേരളത്തിൽ ഒട്ടാകെ ഉള്ളത്. അതിന് തെളിവാണ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റും കോൺ​ഗ്രസിന് നേടാൻ സാധിച്ചത്'- ഉമ്മൻ ചാണ്ടി പറഞ്ഞു. 

വോട്ട് മറിച്ചുവെന്ന കാര്യത്തിലും കേരള കോൺ​ഗ്രസിലെ ഭിന്നത അടക്കമുള്ളവയിലും വിശദമായ അന്വേഷണം നടത്തുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. 

ആറ് നിയോജക മണ്ഡലങ്ങളിലും കോൺ​ഗ്രസ് ശക്തമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. പാലായുടെ കൂടെ മറ്റ് അഞ്ച് മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പ് വന്നുവെങ്കിലും അതിനെ നേരിടാൻ കോൺ​ഗ്രസ് സജ്ജമായിരുന്നു. ഇപ്പോഴും കോൺ​ഗ്രസ് സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് ചോർച്ച പോലുള്ളവ ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിച്ചതിന് ശേഷമേ  മനസ്സിലാക്കാൻ സാധിക്കൂ. തികഞ്ഞ ആത്മവിശ്വാസത്തോടെ ആകും ഈ വരുന്ന അഞ്ച് മണ്ഡലങ്ങളേയും തെരഞ്ഞെടുപ്പുകളെ യുഡിഎഫ് നേരിടുകയെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ബെന്നി ബെഹനാന്റെ വാക്കുകൾ

മുന്നണിക്കകത്തെ പാർട്ടികൾ തമ്മിൽ മത്സരം പാടില്ല എന്നൊരു പാഠം പാലാ തെരഞ്ഞെടുപ്പ് കോൺ​ഗ്രസിനെ പഠിപ്പിക്കുന്നുവെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. അത് ​ഗൗരവമായിട്ടെടുക്കാൻ രാഷ്ട്രീയ നേത‍ൃത്വം തയ്യാറാകണം എന്ന അഭിപ്രായമാണ് തനിക്ക് ഉള്ളതെന്നും ബെന്നി ബഹനാൻ പറഞ്ഞു. പാലായിൽ യുഡിഎഫും എൽഡിഎഫും തമ്മിലായിരുന്നു മത്സരമെന്നും അദ്ദേഹം വ്യക്തമാക്കി.

'വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് പറയുന്നുവെങ്കിൽ മാണി സി കാപ്പൻ പാലായിൽ ആരുമായിട്ടാണ് പാലം വച്ചതെന്ന് സിപിഎം മനസ്സിലാക്കണം', അതിന് മറുപടി പറയാൻ പാർട്ടി തയ്യാറാകണമെന്നും ബെന്നി ബെഹനാൻ പറഞ്ഞു. 'ഈ തെരഞ്ഞെടുപ്പ് പരാജയം, വരാൻ പോകുന്ന അഞ്ച് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. ഇപ്പോൾ ജനാധിപത്യ മുന്നണിക്കുണ്ടായ ചെറിയൊരു പരാജയത്തിന്‍റെ കാരണങ്ങൾ പഠിക്കും. കൂടുതൽ കെട്ടുറപ്പോടുകൂടിയും ഐക്യത്തോട് കൂടിയും ഇടതുപക്ഷ മുന്നണിയെ പരാജയപ്പെടുത്താൻ കോൺ​ഗ്രസ് മുന്നോട്ട് പോകും'- ബെന്നി ബെഹനാൻ പറഞ്ഞു.