കോഴിക്കോട്: മുൻ ലോക ചെസ് ഫെഡറേഷൻ വൈസ് പ്രസിഡണ്ട് പി ടി ഉമ്മർ കോയ അന്തരിച്ചു. പന്നിയങ്ങര വി.കെ.കൃഷ്ണ മേനോൻ റോഡിലെ 'നജു റിവേജ്' വസതിയിൽ വച്ചാണ് അന്ത്യം. 69 വയസായിരുന്നു. ഇന്ത്യന്‍ ചെസ്സിന് ലോക ചെസ്സ് രംഗത്ത് സ്ഥാനമുണ്ടാക്കുന്നതില്‍ പത്തു വർഷത്തോളം ഫിഡെ വൈസ് പ്രസിഡ്‍റായിരുന്ന ഉമ്മര്‍കോയ വഹിച്ച പങ്ക് പ്രധാനമാണ്. ചെസ്സിനെ ജനകീയമാക്കി എന്നതാണ് അദ്ദേഹത്തിന്‍റെ പ്രധാന സംഭാവന.

1989, 1991, 1993, 1997 വർഷങ്ങളിൽ ദേശീയ ചാംപ്യഷിപ്പുകൾക്കും, രണ്ട് തവണ ലോക ജൂനിയർ ചാംമ്പ്യൻഷിപ്പുകൾക്കും കോഴിക്കോട് ആതിഥ്യം വഹിച്ചത് ഉമ്മർക്കോയയുടെ നേതൃത്വത്തിലായിരുന്നു.
2003ൽ ലോക സബ് ജൂനിയർ, നാഷണൽ വനിത ചെസ്, ജൂനിയർ, സബ് ജൂനിയർ നാഷണല്‍ മത്സരങ്ങളും ഉമ്മര്‍കോയയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

നജ്മ കോയയാണ് ഭാര്യ. മക്കൾ: നസിയ നോന, നാദിയ നോന, നൈജൽ റഹ്മാൻ (ഷാർജ). മരുമക്കൾ: മിഷാൽ റസാഖ്, ജസീം (ഷാർജ), ഫാബിദ. മയ്യത്ത് നമസ്ക്കാരം ഇന്ന് രാത്രി 9.00 മണിക്ക് പന്നിയങ്ങര ജൂമ മസ്ജിദിൽ. കബറടക്കം കണ്ണംപറമ്പിൽ നടക്കും.

ഉമ്മര്‍ കോയയുടെ നിര്യാണം ഇന്ത്യയുടെ ചെസ്സ് മേഖലയ്ക്ക് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ലോക നിലവാരത്തിലുള്ള ധാരാളം താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഉമ്മര്‍ കോയയുടെ സംഘടനാ പാടവത്തിന് കഴിഞ്ഞു. ചെസ്സ് കളിക്കാര്‍ക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ല എന്ന് മനസ്സിലായപ്പോഴാണ് കളിക്കാരാനായിരുന്ന ഉമ്മര്‍കോയ സംഘാടന രംഗത്തേക്ക് തിരിഞ്ഞത്. കേരള ചെസ്സിന് ഉണര്‍വും ഊര്‍ജവും നല്‍കുന്നതിലും ഉമ്മര്‍കോയയുടെ പങ്ക് നിര്‍ണായകമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.