തിരുവനന്തപുരം: കൊവിഡ് 19 സംസ്ഥാനത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ നിരീക്ഷണ കേന്ദ്രങ്ങള്‍ക്കായി അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ സംഘടനയായ കെആര്‍എസ്എംഎ സര്‍ക്കാരിനെ അറിയിച്ചു.  

മുഴുവന്‍ സമയവും വൈദ്യുതിയും വെള്ളവും ഉള്‍പ്പെടെ   ലഭ്യമാകുന്ന മെച്ചപ്പെട്ട കെട്ടിടങ്ങളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളുടേത്. ബഹുഭൂരിപക്ഷം സ്‌കൂളുകളും വലിയ ചുറ്റുമതിലിനാല്‍ സംരക്ഷിതവുമാണ്. ഈ അവസരത്തില്‍ നിരീക്ഷണത്തിലുള്ള  രോഗികളെ പാര്‍പ്പിക്കാന്‍ ആവശ്യമുള്ളത്ര കെട്ടിടങ്ങള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കുണ്ട്.  ഈ അടിയന്തിര ഘട്ടത്തെ അതിജീവിക്കാന്‍ ഇവ സര്‍ക്കാരിന് വിട്ട് നല്‍കും.

കൊറോണ വൈറസ് വ്യാപനത്തെ തടയാന്‍ സര്‍ക്കാര്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും സംഘടന പിന്തുണ പ്രഖ്യാപിച്ചു. ആരോഗ്യ രംഗത്തെ കേരള മോഡല്‍  ലോകത്തിന് തന്നെ മാതൃകയാണ് എന്നും കേരള അംഗീകൃത സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് പികെ മുഹമ്മദ് ഹാജിയും ജനറല്‍ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയില്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത് തെരുവില്‍ കഴിയുന്ന ആളുകളുടെ പോലും വിശപ്പടക്കാനുള്ള കരുതലുമായി  സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍ സമൂഹം ഒറ്റക്കെട്ടായി സര്‍ക്കാരിന്റെ കൂടെ നില്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.