തിരുവനന്തപുരം: യുഎൻഎ സമ്പത്തിക തട്ടിപ്പ് കേസില്‍ ഒന്നാം പ്രതിയായ ജാസ്മിൻ ഷാ അടക്കം നാല് പേര്‍ അറസ്റ്റില്‍. സോബി ജോസഫ്, നിധിന്‍ മോഹന്‍, ജിത്തു എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികള്‍. തൃശൂര്‍ ക്രൈംബ്രാഞ്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. യുഎൻഎ സംസ്ഥാന പ്രസിഡന്‍റാണ് ഷോബി ജോസഫ്. ജാസ്മിൻ ഷായുടെ ഡ്രൈവറാണ് നിധിൻമോഹൻ. ഓഫീസ് സെക്രട്ടറിയാണ്  ജിത്തു പി ഡി. ഇവര്‍ രണ്ട് മുതൽ നാലുവരെ പ്രതികളാണ്. 

യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍റെ ഫണ്ടിൽ നിന്ന് 2017 മുതൽ 2019 ജനുവരി വരെയുള്ള കാലയളവില്‍ 3.5 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. ജാസ്മിൻ ഷാ ഉൾപ്പെടെ 7 പേരെ പ്രതികളാക്കിയാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ മുൻ ഭാരവാഹികളിൽ ഒരാളാണ് കേസിലെ പരാതിക്കാരൻ. കേസിൽ ഒന്നാം പ്രതിയായ ജാസ്മിൻ ഷായുടെ ഭാര്യയും ഇപ്പോഴും വിദേശത്ത് ഒളിവിൽ കഴിയുകയാണ്. 

നേരത്തെ ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തൃശ്ശൂർ ജില്ലാ സെഷൻസ് കോടതിയും തള്ളിയിരുന്നു. ഗുരുതരമായ ആരോപണങ്ങൾ എഫ്ഐആറിലുള്ളതിനാൽ ജാമ്യം നൽകാനാവില്ലെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്. 

യുഎന്‍എ സാമ്പത്തിക ക്രമക്കേട്: കൂടുതല്‍ തെളിവുകള്‍ പുറത്ത്