തീരദേശ റെയിൽ പാതയ്ക്ക് വേണ്ടി സർവേ നടത്തിയ ഏജൻസിയാണ് ഡ്രോൺ പറത്തിയതെന്ന് വ്യക്തമായി. അന്വേഷണത്തിന് വ്യോമസേനയുടെയും ഇന്‍റലിജൻസ് ഏജൻസിയുടെയും സഹായം തേടിയിട്ടുണ്ട് പൊലീസ്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രോൺ ക്യാമറകൾക്ക് ലൈസൻസ് നിർബന്ധമാക്കുമെന്ന് ഡിജിപി ലോക്‍നാഥ് ബെഹ്‍റ. അനധികൃത ഡ്രോണുകൾക്കെതിരെ ഇനി കർശനനടപടിയുണ്ടാകും. ലൈസൻസ് വേണ്ടാത്ത ചൈനീസ് ഡ്രോണുകൾക്ക് വേണ്ടി സംസ്ഥാനവ്യാപകമായി പരിശോധനയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കി. ഐജി അശോക് യാദവിന്‍റെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്‍ധരെ ഉൾപ്പെടുത്തിയുള്ള വിശദമായ അന്വേഷണവും പരിശോധനയും നടക്കും. 

അതേസമയം. തീരദേശ റെയിൽവേ പാതക്ക് സർവ്വേ തയ്യാറാക്കാൻ വന്ന സംഘമാണ് തിരുവനന്തപുരത്തെ തീരദേശത്ത് ഡ്രോൺ പറത്തിയതെന്ന് വ്യക്തമായി. തമിഴ്നാട്ടിൽ നിന്ന് ഇതിനായി എത്തിയ ഏജൻസിയിലെ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തപ്പോഴാണ് ഡ്രോൺ പറത്തലിന് പിന്നിൽ ഇവരാണെന്ന് മനസ്സിലായത്. ഡ്രോൺ പറത്താൻ ഏജൻസി അനുവാദം ചോദിച്ചിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. 

നാഗർകോവിൽ ആസ്ഥാനമായുള്ള ഒരു ഏജൻസിയുടെ ഉദ്യോഗസ്ഥരാണ് തിരുവനന്തപുരത്തെത്തി ഡ്രോൺ പറത്തിയത്. ഇവരെ കൊണ്ടുവന്ന ഡ്രൈവർമാരെ അടക്കം പൊലീസ് വിളിപ്പിച്ച് ചോദ്യം ചെയ്തു. നേമത്ത് നിന്ന് ഡ്രോൺ പറത്തിയെങ്കിലും നിയന്ത്രണം വിട്ടുപോയെന്നാണ് ഉദ്യോഗസ്ഥർ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. 

21 - ന് രാത്രി വിഎസ്‍എസ്‍സിയുടെ മുകളിലൂടെയും തുമ്പ തീരദേശമേഖലയിലുമുള്ള അതീവസുരക്ഷാ മേഖലകളിൽ ഡ്രോൺ പറത്തിയത് രാത്രി പട്രോളിംഗ് നടത്തിയിരുന്ന പൊലീസുകാരാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രി പൊലീസ് ആസ്ഥാനത്തിന്‍റെ മുകളിലൂടെയും ഡ്രോൺ പറന്നത് ശ്രദ്ധയിൽപ്പെട്ടു. പൊലീസ് ആസ്ഥാനത്ത് സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്ന പൊലീസുകാരാണ് ഡ്രോൺ ക്യാമറ കണ്ടതായി റിപ്പോർട്ട് നൽകിയത്. പൊലീസ് ആസ്ഥാനത്തിന്‍റെ അഞ്ചാം നിലയ്ക്ക് സമീപമാണ് ഡ്രോൺ ക്യാമറ പറന്നത്.

ഡ്രോൺ പറത്തൽ കേസിൽ എഡിജിപി മനോജ് എബ്രഹാമിന് അന്വേഷണച്ചുമതല നൽകിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കേന്ദ്ര ഇന്‍റലിജൻസിന്‍റെയും വ്യോമസേനയുടെയും സഹായം തേടുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗുരുദിൻ വ്യക്തമാക്കി. ശംഖുമുഖം എസിയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. സംഭവം അതീവഗൗരവകരമായാണ് കാണുന്നതെന്നും ഇതിന്‍റെ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ട് പഴുതടച്ച അന്വേഷണമാണുണ്ടാവുകയെന്നും കമ്മീഷണർ വ്യക്തമാക്കി. 

പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ കേരളമുൾപ്പടെയുള്ള തീരമേഖലകളിൽ അതീവജാഗ്രത പുലർത്തണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം കർശനനിർദേശം നൽകിയിരുന്നു. കടൽമാർഗം ഭീകരർ നുഴഞ്ഞു കയറാനുള്ള സാധ്യത കണക്കിലെടുത്ത് സുരക്ഷ ശക്തമാക്കാനും നി‍ർദേശം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സംശയങ്ങളൊഴിവാക്കാൻ പഴുതടച്ച അന്വേഷണം നടത്താൻ പൊലീസും ഇന്‍റലിജൻസും തീരുമാനിച്ചിരിക്കുന്നത്.