കോട്ടയം: വൃത്തിഹീനമായ സാഹചര്യത്തിലും ഗുണനിലവാരം ഇല്ലാതെയും സംസ്ഥാനത്ത് അനധികൃതമായി സാനിറ്റൈൻസര്‍ നിര്‍മ്മാണം തകൃതി. കൊവിഡ് കാലത്ത് സാനിറ്റൈസറിന്‍റെ ഉപയോഗം വര്‍ദ്ധിച്ചത് മുതലാക്കിയാണ് ലൈസൻസില്ലാതെയുള്ള ചെറുകിട നിര്‍മ്മാണ യൂണിറ്റുകളുടെ പ്രവര്‍ത്തനം. സാനിറ്റൈസര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ വലിയ അപകടം ഉണ്ടാകുമെന്നിരിക്കെയാണ് അനധികൃത നിര്‍മ്മാണം. 

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ തുടക്കത്തില്‍ സാനിറ്റൈസറിന് വലിയ ക്ഷാമം നേരിട്ടിരുന്നു. എന്നാല്‍ നിലവില്‍ എവിടെ നിന്നും സാനിറ്റൈസര്‍ ലഭിക്കും. പക്ഷേ വിപണിയില്‍ കിട്ടുന്ന എല്ലാ സാനിറ്റൈസറും ഗുണനിലവാരമുള്ളതാണോയെന്നതാണ് വലിയ വെല്ലുവിളി.

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം

മലപ്പുറം അരീക്കോട്ടെ ഒരു കുടുസ് മുറിയിലെ സാനിറ്റൈസര്‍ നിര്‍മ്മാണ യൂണിറ്റിൽ രാസവസ്തുക്കള്‍ യോജിപ്പിക്കുന്നത് വലിയ കന്നാസുകളില്‍. ഒട്ടും വൃത്തിയില്ലാത്ത അന്തരീക്ഷത്തിലാണ് നിര്‍മ്മാണം. എറണാകുളം കളമശേരിയിലും തൃശൂര്‍ വാടാനപ്പള്ളിയും കോട്ടയം കടുത്തുരുത്തിയിലും സമാന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മ്മാണ യൂണിറ്റുകളും സജീവം. ഒന്നിനും ലൈസൻസില്ല. തോന്നുപോലെ യോജിപ്പിച്ച് കുപ്പിയില്‍ നിറച്ച് വച്ചിരിക്കുകയാണ് വിപമിയിലെത്തിക്കുന്ന സാനിറ്റൈസറുകള്‍. ഐസോപ്രാപ്പൈല്‍ ആല്‍ക്കഹോള്‍ 70 ശതമാനം, ഹൈഡ്രജൻ പെറോക്സൈഡ് .125 ശതമാനം. ഗ്ലിസറോള്‍ 1.4 ശതമാനം ഇതാണ് സാനിറ്റൈസറിന്‍റെ സംയോജ അളവ്. അനധികൃത നിര്‍മ്മാണ കേന്ദ്രങ്ങളില്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. ലഹരി കിട്ടുമെന്ന് തെറ്റിദ്ധരിച്ച് സാനിറ്റൈസറിന് ചേര്‍ക്കുന്ന രാസവസ്തുക്കളുടെ ഉപയോഗവും കൂടുന്നു. 

രാസവസ്തുക്കള്‍ കൈവശം വയ്ക്കുന്നതിന് ലൈസൻസ് ഉണ്ടാകണം, യോഗ്യരായ കെമിസ്റ്റുകളുടെ സാന്നിധ്യത്തിലാകണം നിര്‍മ്മാണം, ഗുണനിലവാരം പരിശോധിക്കാനും സംവിധാനം വേണമെന്നിരിക്കെ സംസ്ഥാന വ്യാപകമായി ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഇതൊന്നും പാലിക്കാത്ത നിരവധി കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. ചൂടപ്പം പോലെ വിറ്റുപോകുമെന്നതിനാല്‍ ചെറിയ പെട്ടിക്കടയിലും ഇപ്പോള്‍ സാനിറ്റൈസര്‍ കിട്ടും. ഡ്രഗ്സ് അല്ലെങ്കില്‍ 20 എ ലൈസൻസ് ഉള്ളവര്‍ക്ക് മാത്രമേ സാനിറ്റൈസര്‍ വില്‍ക്കാൻ അധികാരമുള്ളൂ. ലൈസൻസില്ലാതെ വിറ്റാല്‍ മൂന്ന് വര്‍ഷം തടവും പിഴയുമാണ് ശിക്ഷ.