കോഴിക്കോട്: കൊവിഡിന്‍റെ മറവിൽ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയില്ലാതെ കോഴിക്കോട് ആരോഗ്യ കുടുംബക്ഷേമ പരിശീലന കേന്ദ്രത്തിൽ മരംമുറി. മരംമുറിച്ച് കടത്തിയതിന് വിജിലൻസ് കേസ് നിലനിൽക്കെയാണ് തണൽ മരങ്ങൾ മുറിച്ച് മാറ്റുന്നത്. എന്നാൽ അപകടാവസ്ഥയിലുള്ള മരങ്ങളാണ് മുറിയ്ക്കുന്നത് എന്നാണ് പ്രിൻസിപ്പലിന്‍റെ വിശദീകരണം.

ആരോഗ്യ വകുപ്പിന്‍റെ കീഴിലുള്ള പരിശീലന കേന്ദ്രത്തിലാണ് ലോക്ക് ഡൗണിന്‍റെ മറവിൽ തകൃതിയായി മരം മുറി നടക്കുന്നത്. തണൽ മരങ്ങളായ ആലും വാഗയും ഉൾപ്പെടെയുള്ള മരങ്ങളാണ് മുറിച്ച് മാറ്റുന്നത്. സർക്കാർ ഓഫീസുകളിലെ മരങ്ങൾ മുറിയ്ക്കുന്നത് സോഷ്യൽ ഫോറസ്ട്രി വകുപ്പിന്‍റേയോ ആർഡിയോയുടേയോ അനുമതി വേണമെന്നാണ് ചട്ടം. എന്നാൽ, രങ്ങൾ മുറിയ്ക്കുന്നതിന് ഈ അനുമതി തേടിയിട്ടില്ല. 

പകരം കോഴിക്കോട് നഗരസഭയുടെ ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയാണ് തേടിയത്. അപകടാവസ്ഥയിൽ ഉള്ള അഞ്ച് മരങ്ങൾ മുറിച്ച് മാറ്റാനാണ് നഗരസഭ ദുരന്ത നിവാരണ അതോറിറ്റി അനുമതി നൽകിയത്. പക്ഷേ ഇതിന്‍റെ പേരിൽ വളപ്പിലെ മരങ്ങൾ കൂട്ടത്തോടെ മുറിക്കുകയാണ്. മരംമുറിക്കുന്ന തൊഴിലാളികൾ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിട്ടുമില്ല. അപകടാവസ്ഥയിലുള്ള മരങ്ങളാണ് മുറിയ്ക്കുന്നത് എന്നാണ് പ്രിൻസിപ്പൽ പി എം മൊയ്തീൻ ഷായുടെ വിശദീകരണം.

വളപ്പിൽ വീണ് കിടന്ന സൂര്യകാന്തി മരം മുറിച്ച് കടത്തിയ കേസിൽ പ്രിൻസിപ്പലിനെതിരെ വിജിലൻസിന്‍റെ അന്വേഷണം നടക്കുകയാണ്. മൂന്ന് മാസം മുമ്പാണ് വിജിലൻസ് കേസെടുത്തത്. മരം മുറിച്ചത് ചട്ടങ്ങൾ പാലിച്ചല്ലെന്ന് പ്രാഥമിക പരിശോധനയിൽ വിജിലൻസ് കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കോവിഡ് ആയുധമാക്കി തണൽ മരങ്ങൾക്കും കോടാലി വയ്ക്കുന്നത്.