കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്. 

കോട്ടയം: കോൺഗ്രസിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിലും വിവാദം. പ്രസംഗിക്കാൻ ക്ഷണിക്കാഞ്ഞതിൽ കെ മുരളീധരന്‍ അതൃപ്തി അറിയിച്ചു. കെ സുധാകരൻ തന്നെ ഒഴിവാക്കിയെന്നാണ് കെ മുരളീധരന്‍റെ പരാതി. പ്രസംഗിക്കുന്നവരുടെ പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ ശശി തരൂരിനും അതൃപ്തിയുണ്ട്. 

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പങ്കെടുത്ത വേദിയിൽ കെ സുധാകരനും വി.ഡി.സതീശനും രമേശ് ചെന്നിത്തലയും എം എം ഹസനും മാത്രമാണ് കെപിസിസിയുടെ ഭാഗമായി സംസാരിച്ചത്. മുൻ പി സി സി പ്രസിഡന്റ് എന്ന പരിഗണന തനിക്ക് ലഭിച്ചില്ലെന്നാണ് കെ മുരളീധരന്‍റെ പരാതി. കെപിസിസി നേതൃത്വം അവഗണിച്ചെന്ന് കെ മുരളീധരന്‍ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനോട് പരാതിപ്പെട്ടു. 

വൈക്കം സത്യഗ്രഹത്തിന്‍റെ നൂറാം വാര്‍ഷിക ആഘോഷങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഉദ്ഘാടനം ചെയ്തത്. വൈക്കം സത്യഗ്രഹത്തിന്‍റെ സമരവഴികളിലൂന്നിയാണ് തുടങ്ങിയതെങ്കിലും കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ കടുത്ത ഭാഷയിൽ ഉള്ള കടന്നാക്രമണമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ നടത്തിയത്. അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ തകർക്കുകയാണെന്നു പറഞ്ഞ ഖാർഗെ പ്രധാനമന്ത്രി ഇടപെട്ടാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതെന്ന് കുറ്റപ്പെടുത്തി.

Also Read: 'ലളിത് മോദിയും നീരവ് മോദിയും ഒബിസിയല്ല; പിന്നാക്കക്കാർക്കെതിരെ രാഹുൽ പ്രസംഗിച്ചുവെന്ന് വരുത്താൻ ശ്രമം': ഖാർഗെ

പ്രധാനമന്ത്രിയുടെ സുഹൃത്തിനെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കേന്ദ്ര അന്വേഷണ ഏജൻസികൾ ഉറങ്ങുകയാണെന്നും പരിഹസിച്ചു. ഒരിക്കൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പൊരുതി ജയിച്ച കോൺഗ്രസ് രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കാൻ ഇനിയും പോരാട്ടത്തിന് ഒരുക്കമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. അദാനിക്ക് വേണ്ടി രാജ്യത്തെ പാർലമെന്‍ററി ജനാധിപത്യം പ്രധാനമന്ത്രി തകർക്കുകയാണെന്നും ഖാർഗെ വിമർശിച്ചു. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷവേദിയിലാണ് കേന്ദ്ര സർക്കാരിനെതിരായ ഖർഗെയുടെ വിമർശനം.