കുർബാന തർക്കം തുടരുന്നു: 'പുതുയുഗപ്പിറവി', സ്വാതന്ത്ര്യ സമരം ഓർമ്മിപ്പിച്ച് കർദ്ദിനാൾ ആലഞ്ചേരി
പുതിയ കുർബാന ആരാധനാ ക്രമം പ്രകാരമുള്ള പ്രാർത്ഥനയെ ഇന്ന് പലയിടത്തും തർക്കങ്ങളുണ്ടായി. ദില്ലിയിൽ കുർബാന നടത്താതിരുന്നത് വിശ്വാസികളെ രോഷാകുലരാക്കി

കൊച്ചി: സിറോ മലബാർ സഭയിൽ ഏകീകരിച്ച കുർബാനയുമായി ബന്ധപ്പെട്ട തർക്കം അവസാനിച്ചില്ല. പുതിയ കുർബാന ആരാധനാ ക്രമം പ്രകാരമുള്ള പ്രാർത്ഥനയെ ഇന്ന് പലയിടത്തും തർക്കങ്ങളുണ്ടായി. ദില്ലിയിൽ കുർബാന നടത്താതിരുന്നത് വിശ്വാസികളെ രോഷാകുലരാക്കി. എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലെ കാക്കനാട് സെന്റ് തോമസ് മൗണ്ട് ദേവാലയത്തിൽ കർദ്ദിനാൾ ജോർജ് ആലഞ്ചേരി ഏകീകരിച്ച രീതിയിലുള്ള കുർബ്ബാന അർപ്പിച്ചു.
സീറോ മലബാർ സഭയിൽ പുതുയുഗം തുറന്നെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. സഭയിൽ ഐക്യവും സമാധാനവും ഉണ്ടാകണമെന്നത് ദൈവത്തിന്റെ തീരുമാനമാണ്. വർഷങ്ങളുടെ കാത്തിരിപ്പിനും ക്ഷമയ്ക്കും ഒടുവിലാണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പരിപൂർണ ഐക്യത്തിനായി കാത്തിരിക്കേണ്ടി വന്നാൽ അതിനും തയാറാകണം. എതിർ സ്വരങ്ങളെ ഭയപ്പെടേണ്ട ആവശ്യമില്ല. ദൈവത്തേക്കാൾ വലുതാണ് തങ്ങളെന്ന് ആരും ചിന്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ദില്ലിയിൽ പല പള്ളികളിലും സിനഡ് നിർദേശിച്ച പ്രകാരമുള കുർബാനയാണ് നടന്നത്. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന നടന്നത്. നിലവിലെ രീതി തുടരണമെന്നായിരുന്നു ഫരീദാബാദ് രൂപത ബിഷപ്പിന്റെ സർക്കുലർ. ഫരീദാബാദ് രൂപത ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര കുർബാനക്കെത്തിയില്ല. വിശ്വാസികൾ ആവശ്യപ്പെട്ടതിന് പിന്നാലെ ബിഷപ്പ് കുർബാന അർപ്പിക്കേണ്ട ഫരീദബാദ് കത്തീഡ്രൽ പള്ളിയിലും സിനഡ് നിർദേശിച്ച കുർബാന നടന്നു.
ടാഗോർ ഗാർഡൻ, സൗത്ത് എക്സ്റ്റൻഷൻ പള്ളികളിൽ കുർബാന ഒഴിവാക്കി. സിനഡ് നിർദേശിച്ച പ്രകാരമുള്ള കുർബാന അർപ്പിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടതോടെയാണ് കുർബാന ഒഴിവാക്കിയത്. ദില്ലി കിങ്സ് വേ ക്യാമ്പ് പള്ളിയിൽ മാമോദീസ ചടങ്ങിനിടെ വിശ്വാസികൾ പ്രതിഷേധിച്ചു. സിനഡ് പ്രകാരമുള്ള കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. സിനഡ് പ്രകാരമുള്ള കുർബാന നടന്നില്ലെങ്കിൽ അടുത്തയാഴ്ച കുർബന നടത്താൻ അനുവദിക്കില്ലെന്നും വിശ്വാസികൾ വികാരിയോട് പറഞ്ഞു.
തൃശ്ശൂരിൽ ഇരിങ്ങാലക്കുട രൂപതയിലെ പള്ളികളിൽ നിലവിലെ കുർബാന തുടർന്നു. കടുപ്പശ്ശേരി തിരുഹൃദയ ദേവാലയത്തിൽ പുതിയ കുർബാന രീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടും ഇടവകയിൽ ഭിന്നപ്പ് ഉണ്ടാക്കുന്ന വികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടും ഒരു വിഭാഗം വിശ്വാസികൾ ഇരിങ്ങാലക്കുട ബിഷപ് ഹൗസിന് മുന്നിൽ പ്രതിഷേധിച്ചു.
താമരശ്ശേരി രൂപതക്ക് കീഴിലുള്ള പള്ളികളിൽ പുതുക്കിയ രീതി അനുസരിച്ചുള്ള കുർബാനകൾ നടന്നു. എവിടെയും വിശ്വാസികളുടെയോ വൈദികരുടെയോ പ്രതിഷേധം ഉണ്ടായില്ല. പുതുക്കിയ കുർബാനാ രീതി ഇന്ന് മുതൽ നടപ്പാക്കണമെന്ന് കാണിച്ച് ബിഷപ്പ് മാർ റെമഞ്ചിയോസ് ഇഞ്ചനാനിയിൽ കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കിയിരുന്നു. രൂപതക്ക് കീഴിൽ കാലങ്ങളായി ജനാഭിമുഖ കുർബാനയാണ് നടന്നിരുന്നത്. എന്നാൽ പുതുക്കിയ രീതി അനുസരിച്ച് ആദ്യ ഭാഗം ജനാഭിമുഖമായും പ്രധാന ഭാഗം അൾത്താര അഭിമുഖമായും അവസാന ഭാഗം ജനാഭിമുഖമായുമാണ് നടക്കുന്നത്. ഇതിനെതിരെ പുരോഗമന വിശ്വാസികളുടെ സംഘടനയായ കാത്തലിക് ലേമെൻ അസോസിയേഷന് പ്രതിഷേധമുണ്ട്. പുതുക്കിയ രീതി നടപ്പാക്കുന്നതിനെതിരെ ലേമെൻ അസോസിയേഷൻ നൽകിയ ഹർജി അടുത്ത മാസം ഏഴിന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.