ഏക സിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തും.

ദില്ലി : ഏക സിവിൽ കോഡ് നടപ്പിലാക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ന്യൂനപക്ഷങ്ങളെ മാത്രമല്ല. എല്ലാ വിഭാഗക്കാരെയും ഇത് ബാധിക്കും. ഏകസിവിൽ കോഡിനെതിരെ കേരളത്തിൽ എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും എല്ലാ സമുദായ സംഘടനകളുമായി ലീഗ് ചർച്ച നടത്തുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.

ഏക സിവിൽ കോഡിനെതിരെ മതേതര കക്ഷികളെയും സമുദായങ്ങളെയും യോജിപ്പിക്കാൻ ശ്രമിക്കും. അതിന് വേണ്ടിയുള്ള പരിപാടികൾ തയാറാക്കും. എല്ലാവരെയും ഒരുമിപ്പിക്കാൻ കോഴിക്കോടും എറണാകുളത്തും പരിപാടി നടത്തും. ലോ കമ്മീഷന് മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കുമെന്നും കുഞ്ഞാലിക്കുട്ടി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. അതേ സമയം, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥികളുടെ ഹിജാബ് വിവാദത്തിൽ പഠിച്ചതിന് ശേഷം സംസാരിക്കാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരികരണം.

read more ഓപ്പറേഷൻ തിയേറ്ററിലെ ഹിജാബ് ആവശ്യത്തെ പിന്തുണച്ച് എംഎസ്എഫ്, കത്തെങ്ങനെ പുറത്തായെന്ന് അന്വേഷിക്കണം

Read more 'ഒരു രാജ്യത്ത് രണ്ട് നിയമങ്ങൾ എങ്ങനെ സാധ്യമാകും'; ഏക സിവില്‍ കോഡിനായി പ്രധാനമന്ത്രി

അതേ സമയം, ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഏക സിവില്‍ കോഡ് ചർച്ച പെട്ടെന്ന് ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപിയുടെ തെരഞ്ഞെടുപ്പ് അജണ്ടയുണ്ടെന്ന് പിണറായി ആരോപിച്ചു. ഇപ്പോള്‍ ഏകീകൃത സിവില്‍ കോഡിനെക്കുറിച്ചുയരുന്ന ഏത് ചര്‍ച്ചയും രാജ്യത്തിന്‍റെ ബഹുസ്വരതയെ തകര്‍ക്കാനും ഭൂരിപക്ഷ ആധിപത്യം സ്ഥാപിക്കാനുമാണെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താന്‍ കഴിയില്ല. രാജ്യത്തെ സാംസ്കാരിക വൈരുധ്യങ്ങളെ ഇല്ലാതാക്കി 'ഒരു രാഷ്ട്രം ഒരു സംസ്കാരം' എന്ന ഭൂരിപക്ഷ വര്‍ഗ്ഗീയ അജണ്ട നടപ്പാക്കാനുള്ള പദ്ധതിയായി മാത്രമേ ഈ നീക്കത്തെ കാണാനാകൂ. 

Read more 'ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ വലിയ പ്രത്യാഘതമുണ്ടാകും'; ശക്തിയുക്തം എതിര്‍ക്കുമെന്ന് മുസ്‍ലിം ലീഗ്

നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കുന്ന ഏകീകൃത സിവില്‍ കോഡിനുപകരം വ്യക്തിനിയമങ്ങള്‍ക്കുള്ളിലെ വിവേചനപരമായ സമ്പ്രദായങ്ങളുടെ പരിഷ്കരണത്തിനും ഭേദഗതികള്‍ക്കും അനുകൂലമായ ശ്രമങ്ങളാണുണ്ടാവേണ്ടത്. അത്തരം ശ്രമങ്ങള്‍ക്ക് ആ വിശ്വാസ സമൂഹത്തിന്‍റെ പിന്തുണ അത്യാവശ്യവുമാണ്. ബന്ധപ്പെട്ട എല്ലാ കക്ഷികളെയും ഉള്‍പ്പെടുത്തിയുള്ള ചര്‍ച്ചകളിലൂടെയാണ് അതുണ്ടാകേണ്ടത്. ഏതൊരു മതത്തിലെയും പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അവയ്ക്കകത്തുനിന്നുമാണ് ഉണ്ടായിട്ടുള്ളത്. പെട്ടെന്നൊരു എക്സിക്യുട്ടീവ് തീരുമാനത്തിലൂടെ പരിഹരിക്കാന്‍ കഴിയുന്ന വിഷയമല്ല ഇത്. ഏകീകൃത സിവില്‍ കോഡ് ഈ ഘട്ടത്തില്‍ ആവശ്യകതയുള്ളതോ അഭികാമ്യമോ അല്ലെന്ന് കഴിഞ്ഞ ലോ കമ്മീഷന്‍ 2018 ല്‍ വിലയിരുത്തിയിരുന്നു. ആ നിലപാടില്‍ നിന്നും വ്യതിചലിക്കേണ്ട സാഹചര്യം പെട്ടെന്ന് എങ്ങനെ ഉണ്ടായി എന്നാണ് പുതിയ നീക്കത്തിന്‍റെ വക്താക്കള്‍ ആദ്യം വിശദീകരിക്കേണ്ടതെന്നും പിണറായി പറഞ്ഞു. 

YouTube video player