ദില്ലി: നയതന്ത്ര ബാഗിലായിരുന്നു തിരുവനന്തപുരത്തെ സ്വര്‍ണ്ണക്കടത്തെന്ന് കേന്ദ്രം. സ്വര്‍ണ്ണക്കടത്ത് നയതന്ത്ര ബാഗിലല്ലായിരുന്നുവെന്ന വിദേശകാര്യ സഹമന്ത്രി
വി മുരളീധരന്‍റെ നിലപാട് കേന്ദ്ര ധനമന്ത്രാലയം തള്ളി. പ്രതികളിലൊരാള്‍ക്ക് വന്‍ സ്വാധീനമുണ്ടെന്ന് കോടതിയെ അറിയിച്ചതായും കേന്ദ്ര ധനമന്ത്രാലയം ലോക്സഭയില്‍ രേഖാമൂലം വ്യക്തമാക്കി. 

നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ വിവരം ജൂലൈ മാസത്തില്‍ കസ്റ്റംസാണ് വിദേശ കാര്യമന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ നയതന്ത്ര പ്രതിനിധിയുടെ മേല്‍വിലാസത്തിലാണ് എത്തിയത്. തുടര്‍ന്ന വിദേശ കാര്യമന്ത്രാലയം ബാഗ് തുറന്ന് പരിശോധിക്കാന്‍ അനുമതി നല്‍കി. കസ്റ്റംസ് നടത്തിയ പരിശോധനയില്‍ മുപ്പത് കിലോ സ്വര്‍ണ്ണം പിടികൂടിയെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. 

കേസുമായി ബന്ധപ്പെട്ട് 16 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റംസും എന്‍ഐഐയും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് സമാന്തര അന്വേഷണവും നടത്തുന്നുണ്ട്. അതേ സമയം ഉന്നത സ്വാധീനമുള്ള പ്രതി ആരെന്ന് രേഖാമൂലമുള്ള മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കേസന്വേഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനാവില്ലെന്നും മറുപടിയില്‍ പറയുന്നു. 

2015 മുതല്‍ 2020 വരെ കേരളത്തില്‍ പിടികൂടിയ സ്വര്‍ണ്ണത്തിന്‍റെ വിശദാംശങ്ങളും ധനമന്ത്രാലായം വ്യക്തമാക്കുന്നു. 2015-2016 കാലഘട്ടത്തില്‍ 2452 കിലോഗ്രാം സ്വര്‍ണ്ണം പിടികൂടി. 2016-17ല്‍ 921. 80 കിലോ, 2017-18ല്‍ 1996. 93 കിലോ, 2018-19ല്‍ 2946 കിലോ,2019-20ല്‍ 2629 കിലോയും 2020 ഇതുവരെ 103.16 കിലോ സ്വര്‍ണ്ണവും പിടികൂടിയെന്ന് ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആന്‍റോ ആന്‍റണി എംപിയെ രേഖാമൂലം അറിയിച്ചു