അക്രമകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തിന് അനുമതിയുണ്ടെന്നും വീഴ്‌ച സംസ്ഥാന സർക്കാരിൻ്റേതെന്നും കേന്ദ്രസർക്കാർ

ദില്ലി: വഴിക്കടവ് അപകടത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യജീവന് അപകടകാരികളായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതിയുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വീഴ്‌ച സംഭവിച്ചത് സംസ്ഥാന സർക്കാരിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അക്രമകാരികളായ വന്യമൃങ്ങളെ കൊല്ലാൻ സംസ്ഥാന വനം മേധാവിക്ക് അധികാരമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. കേരളം ഈ അവകാശം ഉപയോഗിച്ചിട്ടുണ്ട്. അനന്തു മാത്രമല്ല, സംസ്ഥാനത്ത് 2025 ൽ മാത്രം സമാനമായ നിലയിൽ മൂന്ന് പേർ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിനു കാരണമെന്നും അദ്ദേഹം വിമർശിച്ചു.

മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയെങ്കിലും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ലെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമർശനം. ഫെൻസിംഗിന് കേന്ദ്രം നേരത്തെ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയതാണ്. 240V പവർ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു.

അതേസമയം വഴിക്കടവിൽ വിദ്യാർത്ഥിയുടെ മരണത്തിന് ഇടയാക്കിയത് ഫെൻസിങിനായി സ്ഥാപിച്ച വൈദ്യുത വേലിയല്ല. കാട്ടുപന്നികളെ കെണിവച്ച് പിടിച്ച് ഇറച്ചിയാക്കി വിൽക്കുന്നതിനായി കെഎസ്‌ഇബി ലൈനിലേക്ക് വടികെട്ടി കൊളുത്തിയ ഇരുമ്പ് കമ്പിയിൽ നിന്നാണ് മരിച്ച അനന്തു അടക്കമുള്ളവർക്ക് ഷോക്കേറ്റത്. ഈ സംഭവത്തിൽ വഴിക്കടവ് പഞ്ചായത്തിനെതിരെ വീഴ്ച ആരോപിച്ച് സിപിഎം പ്രവർത്തകർ ഇപ്പോൾ സമരം ചെയ്യുകയാണ്. പിടിയിലായ പ്രതി കോൺഗ്രസുകാരനാണെന്നും സംഭവത്തിൽ ഗൂഢാലോചനയെന്നും ആരോപിച്ച വനം മന്ത്രി ഇപ്പോൾ നിലപാട് മാറ്റിയിട്ടുണ്ട്.

YouTube video player