മറ്റ് രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ലാത്ത അവസ്ഥയാണ് കോളേജിൽ നിലനിൽക്കുന്നതെന്നും വി മുരളീധരൻ
ദില്ലി: യൂണിവേഴ്സിറ്റി കോളേജിലെ അക്രമം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഗുണ്ടായിസത്തിന്‍റെയും മയക്കുമരുന്നിന്‍റെയും കേന്ദ്രമായി യൂണിവേഴ്സിറ്റി കോളേജ് മാറി. മറ്റ് രാഷ്ട്രീയ സംഘടനകൾക്ക് പ്രവർത്തിക്കാൻ അനുമതിയില്ലാത്ത അവസ്ഥയാണ് കോളേജിൽ നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിപിഎം പറയുന്നത് കണ്ണിൽ പൊടിയിടാനാണ്. ആഭ്യന്തര വകുപ്പിന്‍റെ അറിവോടെയാണ് പ്രതികൾ ഒളിവിൽ പോയതെന്നും ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ മാർക്സിസ്റ്റ് പാർട്ടി ജനങ്ങളോട് മാപ്പ് പറയണമെന്നും മുരളീധരൻ പറഞ്ഞു.
പാർട്ടി നേതൃത്വത്തിന്‍റെ സംരക്ഷണയിലാണ് പ്രതികൾ കഴിയുന്നത്. യുജിസി ലിസ്റ്റിൽ എങ്ങനെ യൂണിവേഴ്സിറ്റി കോളേജ് ഒന്നാം സ്ഥാനത്ത് എത്തുന്നുവെന്ന് അന്വേഷിക്കണമെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു.
