അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. 

കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. 

ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗണ്‍സില്‍, ഇ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ തല കായിക പാഠ്യപദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ നിര്‍ദ്ദേശം കേന്ദ്ര കായിക മന്ത്രാലയം നല്‍കുമെന്നും സൂചിപ്പിച്ചു.

എം എല്‍ എ ഫണ്ട്/തദ്ദേശ സ്ഥാപന വിഹിതം എന്നിവ ഉപയോഗിച്ച് നാടെങ്ങും കളിക്കളങ്ങള്‍ ഒരുക്കുന്നത് വളരെ ഫലപ്രദമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം നടപ്പാക്കിയ, കായികരംഗത്തെ ഇ സര്‍ട്ടിഫിറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മുഴുവന്‍ സംസ്ഥാനങ്ങളും ഇതു പിന്തുടരണമെന്നും മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടുവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കേരളം ആവിഷ്‌ക്കരിച്ച പുതിയ കായിക നയം അനുസരിച്ചുള്ള സ്‌പോര്‍ട്സ് ഇക്കോണമി മിഷന്‍ പ്രവര്‍ത്തനങ്ങളെ കേന്ദ്ര മന്ത്രിയും ചിന്തന്‍ ശിവിറില്‍ പങ്കെടുത്ത മുഴുവന്‍ സംസ്ഥാന കായിക മന്ത്രിമാരും അഭിനന്ദിച്ചു. സ്‌പോട്‌സ് ഇക്കോണമിയുടെ വിശദാംശങ്ങള്‍ അവര്‍ കായിക മന്ത്രി വി. അബ്ദുറഹിമാനോട് ചോദിച്ചറിയുകയും ഈ ദിശയില്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ വേണ്ട സഹകരണംമറ്റു സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തതായും മന്ത്രി വാര്‍ത്താ കുറിപ്പിൽ അറിയിച്ചു.

രാജ്യത്തെ കായികമേഖലയുടെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ട് ദിവസമായി നടന്ന ചിന്തന്‍ ശിവിറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കായിക മന്ത്രിമാര്‍, കേന്ദ്ര കായിക സെക്രട്ടറി സുജാത ചതുര്‍വേദി, കേന്ദ്ര കായിക മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍, സായ് പ്രതിനിധികള്‍, ദേശീയ കായിക ഫെഡറേഷന്‍ ഭാരവാഹികള്‍, സംസ്ഥാന കായിക സെക്രട്ടറിമാര്‍, സംസ്ഥാന കായിക ഡയറക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അംഗീകൃത ഷൂട്ടർമാരെത്തി, ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി, മൊകേരി പഞ്ചായത്തിൽ കാട്ടുപന്നികൾക്കായി തിരച്ചിൽ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം