Asianet News MalayalamAsianet News Malayalam

സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ചാൻസലർക്ക്, താൻ അസ്വസ്ഥൻ: രാഷ്ട്രീയ ഇടപെടൽ പതിവെന്നും ഗവർണർ

എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ ചാൻസലർ എന്ന നിലയിൽ താൻ തീർത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടൽ ശക്തമായിരുന്നു. നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ലെന്നും ഗവർണർ

Universities are run by chancellor not by elected governments says Kerala Governor Arif Mohammed Khan
Author
First Published Nov 15, 2022, 1:32 PM IST

തിരുവനന്തപുരം: താൻ ദില്ലിയ്ക്ക് പുറപ്പെടുന്നത് വരെ തന്റെ പക്കലേക്ക് സർക്കാരിന്റെ ഒരു ഓർഡിനൻസും എത്തിയിരുന്നില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് എത്ര തവണ പറയമെന്ന് തനിക്കറിയില്ല. കിട്ടാത്ത കാര്യത്തെ കുറിച്ച് എനിക്ക് പറയാൻ കഴിയില്ല. കോടതി ഉത്തരവുകളെ ബഹുമാനിക്കുകയും പാലിക്കുകയും ചെയ്യുക നമ്മുടെ ചുമതലയാണ്. ഇത് വ്യക്തിപരമായ യുദ്ധമല്ല. എനിക്കാരോടും വ്യക്തിപരമായ ശത്രുതയില്ല. എന്നാൽ ചാൻസലർ എന്ന നിലയിൽ താൻ തീർത്തും അസ്വസ്ഥനാണ്. രാഷ്ട്രീയ ഇടപെടൽ ശക്തമായിരുന്നു. നിയമവിരുദ്ധമായി സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടാൻ ആർക്കും കഴിയില്ല. സർവകലാശാലകളുടെ നടത്തിപ്പ് ചുമതല ഗവർണർക്കാണ്. സർക്കാരിനെ നയിക്കേണ്ട ചുമതല തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനും. ആരെങ്കിലും ദിവസവും സർവകലാശാലകളുടെ പ്രവർത്തനത്തിൽ ഇടപെടുകയാണെങ്കിൽ സുപ്രീം കോടതിയും ഹൈക്കോടതിയും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഞാനെന്റെ അധികാര പരിധിയിലും നിങ്ങൾ നിങ്ങളുടെ അധികാര പരിധിക്കകത്തും പ്രവർത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. എന്നാൽ സമ്മർദ്ദം ചെലുത്താമെന്ന് ആരും കരുതേണ്ടെന്നും ഗവർണർ വ്യക്തമാക്കി. പല തവണ തനിക്ക് വാക്ക് തന്നിട്ടും രാഷ്ട്രീയ ഇടപെടൽ സ്ഥിരമായി നടന്നുപോന്നു. രാജ്യത്തെല്ലായിടത്തും സർവകലാശാലകളുടെ നടത്തിപ്പ് ചാൻസലർക്കാണ്. ഞാൻ സർക്കാരിന്റെ പ്രവർത്തനത്തിൽ ഇടപെട്ടെന്ന് പറയുന്ന ഒരു സംഭവം ചൂണ്ടിക്കാട്ടിയാൽ താൻ അപ്പോൾ തന്നെ രാജിവെക്കാം. എന്നാൽ തനിക്ക് ആയിരം ഇത്തരം ഇടപെടലുകൾ കാണിച്ചുതരാനാവും. 

സർവകലാശാലകളെ ഭരണകക്ഷിയുടെ വകുപ്പാക്കി മാറ്റാൻ കഴിയില്ല. ഞാൻ വ്യക്തികളെ കുറിച്ചല്ല, കേരളത്തിലെ വിദ്യാർത്ഥികളെ കുറിച്ചാണ് ചിന്തിക്കുന്നത്. അവർ ഉന്നത വിദ്യാഭ്യാസത്തിനായി കേരളം വിടുന്നു. ഞാൻ കുറച്ച് കുട്ടികളോട് സംസാരിച്ചു. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസം മികച്ചതാണ്. എന്നാൽ കേരളത്തിലെ സർവകലാശാലകളുടെ സ്ഥിതി അതല്ല. രാഷ്ട്രീയ ഇടപെടൽ ശക്തമാണെന്നത് താൻ പറയുന്ന കാര്യമല്ല. എന്നിൽ സമ്മർദ്ദം ചെലുത്തി ഒരു കാര്യം നടത്താമെന്ന് ആരും കരുതണ്ട.

മുൻപ് ഒപ്പിടാതെ വെച്ച ബില്ലുകളിൽ മുഖ്യമന്ത്രിയോട് തന്റെ ചോദ്യങ്ങൾ ഉന്നയിക്കുകയും വന്ന് വിശദീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആരും വന്നിരുന്നില്ല. ഇത് തുടർന്നുപോരുന്ന ശീലമാണ്. കേരളത്തിൽ 13 സർവകലാശാലകളാണ് ഉണ്ടായിരുന്നത്. അവിടെയെല്ലാം നൂറ് കണക്കിന് നിയമവിരുദ്ധ നിയമനങ്ങളാണ് നടന്നത്.

Follow Us:
Download App:
  • android
  • ios