Asianet News MalayalamAsianet News Malayalam

യൂണി. കോളേജിലെ ആക്രമണം; എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്

ഇന്നലെ പരിക്കേറ്റ ടിആർ രാകേഷെന്ന കെഎസ്‍യു പ്രവർത്തകന്‍റെ മൊഴിയിലാണ് കേസ്. 

university college attack; case against SFI activists
Author
Thiruvananthapuram, First Published Nov 30, 2019, 11:06 AM IST

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ ഇന്നലെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്  എസ്എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. യൂണിവേഴ്സിറ്റി കോളജിലെ 13 എസ്എഫ്ഐ പ്രവർത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. ഇന്നലെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ ടിആർ രാകേഷ് എന്ന കെഎസ്‍യു പ്രവർത്തകന്‍റെ മൊഴിയിലാണ് കേസ്. പൊലീസിനെ ആക്രമിച്ച് പരിക്കേപ്പിച്ചതിന് മറ്റൊരു കേസുകൂടിയെടുത്തിട്ടുണ്ട്. ഇതില്‍ കണ്ടാലറിയാവുന്ന എസ്എഫ്ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. 

യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന ആക്രമങ്ങളിലെ പ്രതികളെ ഇതുവരേയും പൊലീസ്  പിടികൂടിയിട്ടില്ല. ഹോസ്റ്റലിൽ കെഎസ്‍യു പ്രവർത്തകനെ ഭീഷണിപ്പെടുത്തി മർദ്ദിച്ച സംഭവത്തിലെ പ്രതിയായ മഹേഷ് മൂന്നാം ദിവസവും ഒളിവിലാണ്. ഇന്നലത്തെ ആക്രമങ്ങളിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്തിന് പരിക്കേറ്റതിൽ ഇന്ന് കെഎസ്‍യു പ്രതിഷേധദിനം ആചരിക്കുകയാണ്.

യൂണി. കോളേജിൽ വീണ്ടും എസ്എഫ്ഐ കെഎസ്‍യു സംഘർഷം: കല്ലേറ്, തെരുവ് യുദ്ധം - വീഡിയോ.

യൂണിവേഴ്‍സിറ്റി കോളേജിൽ  ഇന്നലെ ഇരുസംഘടനകളുടെയും പ്രവർത്തകർ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. ചേരിതിരിഞ്ഞ് നേർക്കുനേർ ഏറ്റുമുട്ടിയ വിദ്യാർത്ഥികളുടെ സംഘർഷം പുറത്ത് എം ജി റോഡിലേക്കും നീണ്ടു. പരസ്പരമുള്ള കല്ലേറിൽ കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് കെ എം അഭിജിത്തിന്‍റെയും മറ്റൊരു കെഎസ്‍യു പ്രവ‍ർത്തകന്‍റെയും തലയ്ക്ക് പരിക്കേറ്റു. തന്‍റെ കാലിൽ വലിയ തടിക്കഷ്ണം കൊണ്ട് എസ്എഫ്ഐ പ്രവർത്തകർ തല്ലിയെന്ന് അഭിജിത്ത് ആരോപിച്ചു. പ്രവർത്തകർക്കും പരിക്കേറ്റെന്ന് എസ്എഫ്ഐയും ആരോപിച്ചു.

എംജി റോഡിൽ ഇരുവിഭാഗത്ത് നിന്നും പരിക്കേറ്റ പ്രവർത്തകരെ നിരത്തിയിരുത്തി ഇരുവിഭാഗവും ഗതാഗതം തടസ്സപ്പെടുത്തി കുത്തിയിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും  റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 

Follow Us:
Download App:
  • android
  • ios