തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന്റെ മൂന്ന് പത്രികകൾ സ്വീകരിച്ചു. എഐഎസ്എഫിന്‍റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുണ്ട്. വൈസ് പേഴ്സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്സ് ക്ലബ് സെക്രട്ടറി പദവികളിലേക്കുള്ള കെഎസ്‍യു സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളാണ് ഇന്ന് സ്വീകരിച്ചത്. 

ഇന്ന് ചേര്‍ന്ന വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളുടെ യോഗത്തിന് ശേഷമാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചത്. നാമനിര്‍ദേശ പത്രിക അപൂര്‍ണമാണെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു, എഐഎസ്എഫ് സ്ഥാനാര്‍ത്ഥികള്‍ നല്‍കിയ നാമനിര്‍ദേശ പത്രിക സ്വീകരിക്കാന്‍ ഇന്നലെ കോളേജ് അധികൃതര്‍ തയ്യാറായിരുന്നില്ല. ഇരുപത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്‍യു മത്സരിക്കുന്നത്.