തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട വധശ്രമക്കേസിൽ മുഖ്യപ്രതികളെ പൊലീസ് കോളേജിലെത്തിച്ച് തെളിവെടുത്തു. അഖിലിനെ കുത്താനുപയോഗിച്ച കത്തി മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിന് എടുത്ത് കൊടുത്തു. ക്യാമ്പസിന് അകത്ത് തന്നെയാണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. അഖിലിനെ കുത്തിയ സ്ഥലത്തോട് ചേര്‍ന്ന് ചവറിനകത്താണ് പ്രതികൾ ആയുധം ഒളിപ്പിച്ചിരുന്നത്. 

കേസിൽ നിര്‍ണ്ണായകമായ തൊണ്ടിമുതലാണ് പൊലീസ് കണ്ടെടുത്തത്. കോളേജിലെ യൂണിയൻ മുറിയിൽ അടക്കം പൊലീസ് തെളിവെടുപ്പ് നടത്തി. ഏറെ ചോദ്യം ചെയ്യലിന് ശേഷമാണ് ആയുധം ഉപേക്ഷിച്ച സ്ഥലം പ്രതികൾ പറഞ്ഞതെന്നാണ് പൊലീസ് പറയുന്നത്. ഒന്നാം പ്രതി ശിവരഞ്ജിത്ത് തന്നെയാണ് കത്തിയെടുത്ത് കൊടുത്തതെന്നും പൊലീസ് പറയുന്നു. കയ്യിലൊതുങ്ങുന്ന ചെറിയ കത്തിയാണ് അഖിലിനെ കുത്താൻ ഉപയോഗിച്ചതെന്നാണ് വിവരം.

യൂണിവേഴ്‍സിറ്റി കോളേജ് വധശ്രമക്കേസിൽ പതിനാറ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ആറ് പേരെ മാത്രമാണ് ഇതുവരെ പൊലീസ് പിടികൂടിയത്. ബാക്കി പത്ത് പ്രതികൾക്കായി തെരച്ചിൽ തുടരുകയാണ്. അതേസമയം, യൂണിവേഴ്സിറ്റി കോളേജിനും പിഎസ്‍സിക്കും എതിരെ ഉയർന്ന ആരോപണങ്ങളിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് വീണ്ടും ഗവർണറെ കാണും.

ആക്രമണത്തിന്‍റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. എസ്എഫ്ഐ അംഗങ്ങളുടെ ധാർഷ്ട്യം ചോദ്യം ചെയ്തതിലുളള വൈരാഗ്യമാണ് അഖിലിനെ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഒന്ന് മുതൽ അഞ്ചുവരെയുള്ള പ്രതികള്‍ അഖിലിനെ തടഞ്ഞ് നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്.