തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഘര്‍ഷത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സംരക്ഷിക്കുകയാണ് എന്നാരോപണം. വധശ്രമക്കേസില്‍  ഉള്‍പ്പെട്ടവരെന്ന് തിരിച്ചറിഞ്ഞ എല്ലാവര്‍ക്കുമെതിരെ നടപടിയെടുത്തിട്ടില്ലെന്നാണ് ആരോപണമുയരുന്നത്.

കോളേജിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്  19 പേരെയാണ് പ്രതികളായി പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ആറുപേരെ കോളേജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.  9 വിദ്യാര്‍ത്ഥികളെക്കൂടി സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് ഇപ്പോള്‍ പ്രിന്‍സിപ്പാള്‍ പറയുന്നു. അപ്പോഴും ബാക്കിയുള്ള നാല് പേരുടെ കാര്യത്തില്‍ നടപടിയൊന്നുമുണ്ടായിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്.  

അതേസമയം, ക്യാംപസിലെ സംഘര്‍ഷത്തിനിടെ വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിനെ, ഉത്തരക്കടലാസ് കടത്തിയ കേസില്‍ തെളിവെടുപ്പിനായി കോളേജിലേക്ക് കൊണ്ടുവന്നിട്ടുണ്ട്. റിമാന്‍ഡിലായിരുന്ന ശിവരഞ്ജിത്തിനെ തെളിവെടുപ്പിനായി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. വധശ്രമകേസിൽ റിമാൻഡിൽ കഴിയുന്ന നാലാംപ്രതി അദ്വൈത് മണികണ്ഠനും അഞ്ചാം പ്രതി ആദിലും വെള്ളിയാഴ്ച പൊലീസ് കാവലിൽ കൊളേജിലെത്തി പരീക്ഷയെഴുതിയിരുന്നു.