തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സം​ഘർഷവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ നേതൃത്വം അനുനയ ചർച്ചയ്ക്ക് എത്തിയതായി  അഖിലിന്റെ അച്ഛൻ ചന്ദ്രന്റെ വെളിപ്പെടുത്തൽ. കേസുമായി മുന്നോട്ട് പോകാനാണോ താൽപര്യമെന്ന് ഇന്നലെ ആശുപത്രിയിൽ അഖിലിനെ സന്ദർശിച്ച സിപിഎം ജില്ലാ നേതൃത്വം ചോദിച്ചിരുന്നതായും ചന്ദ്രൻ പറഞ്ഞു.

ഏത് വിധത്തിലുള്ള സമ്മർദ്ദമുണ്ടായാലും കേസുമായി മുന്നോട്ട് പോകുമെന്ന് ചന്ദ്രൻ പറഞ്ഞു. അഖിലിന്റെ ആ​ഗ്രഹപ്രകാരമാണ് യൂണിവേഴ്സിറ്റി കോളേജിൽ ചേർന്നത്. കോളേജിൽ ചേർന്ന സമയത്ത് തന്നെ എസ്എഫ്ഐ പ്രവർത്തകർ അഖിലിനെ പലതരത്തിൽ പ്രകോപിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു.

തങ്ങളുടേത് ഒരു പാർട്ടി കുടുംബമാണ്. താനിപ്പോഴും സിപിഎംകാരൻ തന്നെയാണ്. പാർട്ടിയുമായി യാതൊരു പ്രശ്നവുമില്ല. എന്നാൽ കേസിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം, പവർ ലിഫ്റ്റിങ് ചാമ്പ്യനായ അഖിലിന് ശസ്തക്രിയ കഴിഞ്ഞതിനാൽ ഇനി മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയുമോ എന്ന ആശങ്കയുണ്ടെന്നും ചന്ദ്രൻ പറഞ്ഞു.