തിരുവനന്തപുരം: നവംബര്‍ മാസാവസാനം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷങ്ങളുടെ കാരണക്കാരനായ എട്ടപ്പന്‍ എന്നറിയപ്പെടുന്ന മഹേഷിനെ പൊലീസ് പിടികൂടി. പാളയത്തെ യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വച്ച് കെ എസ് യു പ്രവർത്തകരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മഹേഷ് പിടിയിൽ. തിരുവല്ല പൊലീസാണ് മഹേഷിനെ കസ്റ്റഡിലെടുത്തത്. പത്തനംതിട്ട എസ് പി യുടെ സ്ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം.

ഇക്കഴിഞ്ഞ നവംബര്‍ മാസാവസാനം യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് കെഎസ്‍യു പ്രവർത്തകനായ നിതിൻ രാജിനെതിരെ മഹേഷ് വധഭീഷണി മുഴക്കിയിരുന്നു. പിന്നാലെ നിതിൻ രാജിന്‍റെയും സുദേവ് എന്ന വിദ്യാർത്ഥിയുടെയും സർട്ടിഫിക്കറ്റുകളും വസ്ത്രങ്ങളും പുസ്തകങ്ങളും മഹേഷ് കത്തിച്ചെന്നും ആരോപണമുയർന്നു. വധഭീഷണി മുഴക്കിയതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

ഇതുമായി ബന്ധപ്പെട്ട് പരാതി ഉന്നയിക്കാനായി പ്രിൻസിപ്പാളിനെ കാണാന്‍ കെഎസ്‍യു സംസ്ഥാനപ്രസിഡന്‍റ് കെ എം അഭിജിത്ത് എത്തിയതിനെത്തുടർന്ന് യൂണിവേഴ്‍സിറ്റി കോളേജിന് മുന്നിൽ വൻ അക്രമമാണ് അന്ന് അരങ്ങേറിയത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് യൂണിവേഴ്‍സിറ്റി ഹോസ്റ്റലിൽ പൊലീസ് മിന്നൽ റെയ്‍ഡ് നടത്തി എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരുന്നു.

സംഭവം നടന്ന് ഒരു മാസത്തോളമായിട്ടും 'എട്ടപ്പന്‍' മഹേഷിനെ അറസ്റ്റ് ചെയ്യാത്തതില്‍ പൊലീസിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. യൂണിവേഴ്സിറ്റി കോളേജിലെ എസ് എഫ് ഐ നേതാവായിരുന്ന മഹേഷ് കോളേജ് യൂണിയന്‍ ചെയര്‍മാനായും ജില്ലാ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.