തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ മൂന്നാം വര്‍ഷ ചരിത്ര വിദ്യാര്‍ഥിയായ അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിൽ എസ്എഫ്ഐയെ രൂക്ഷമായി വിമർശിച്ച് എഐഎസ്എഫ്. കൊടും ക്രിമിനലുകളെ എന്തിനാണ് കൊണ്ടുനടക്കുന്നതെന്ന് എസ്എഫ്ഐയോട് എഐഎസ്എഫിന്റെ സംസ്ഥാന സെക്രട്ടറി അരുൺ ബാബു ചോദിച്ചു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവടക്കമുള്ളവർ പങ്കെടുത്ത ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയിലാണ് അരുൺ ബാബു രൂക്ഷവിമർശനവുമായി രം​ഗത്തെത്തിയത്. 

"യൂണിവേഴ്സിറ്റി കോളേജ് ക്യാംപസ് കുറെ വർഷങ്ങളായി കൊടും ക്രിമിനലുകളുടെ കേന്ദ്രമായി മാറുകയാണ്. അഖിലിനെ കുത്തി പരിക്കേല്‍പ്പിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ക്യാംപസിനകത്ത് എത്രയേറെ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് എസ്എഫ്ഐ നടപടി എടുക്കാൻ തയ്യാറാകുന്നില്ല. നസീമിനെ പോലുള്ള കൊടും ക്രിമിനലുകളെ എന്തിനാണ് എസ്എഫ്ഐ സഹായിക്കുന്നത്. അവരെ നടപടിയെടുത്ത് പുറത്താക്കാൻ നിങ്ങളെന്തുകൊണ്ട് മടിക്കുന്നു," അരുൺ ചോദിച്ചു.

പൊലീസുകാരെ ആക്രമിച്ച കേസിൽ നാല് മാസത്തോളം ഒളിവിലായിരുന്നു നസീം. ഒരു മന്ത്രി പങ്കെടുത്ത പരിപാടിയിൽ പങ്കെടുക്കുകയും പിന്നീട് മാധ്യമങ്ങളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധയിൽപ്പെട്ടതോടെ അയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു. എൻഡിഎഫ് കുത്തി കൊലപ്പെടുത്തിയ അഭിമന്യുവിന്റെ വിദ്യാർഥി പ്രസ്ഥാനമാണ് എസ്എഫ്ഐ. നിങ്ങളുടെ പ്രസ്ഥാനത്തിലെ ആളുകൾ തമ്മിൽ പരസ്പരം ആക്രമിക്കപ്പെടുമ്പോൾ എന്തുകൊണ്ട് നിങ്ങൾ നടപടി എടുക്കുന്നില്ല. ക്രിമിനലുകളുടെ താവളമാണ് യൂണിവേഴ്സിറ്റി കോളേജെന്നും അരുൺ പറഞ്ഞു.

സെക്രട്ടേറിയേറ്റിനും എകെജി സെന്ററിനും അടുത്ത് സ്ഥിതി ചെയ്യുന്ന കോളേജാണ് യൂണിവേഴ്സിറ്റി കോളേജ്. സമീപത്ത് പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നുണ്ടെങ്കിലും കോളേജിലെ ആക്രമസംഭവങ്ങളിൽ ഇടപെടാൻ പൊലീസിന് കഴിയുന്നില്ല. കോളേജിലെ പ്രിൻസിപ്പൽ ഇവരെക്കാൾ വലിയ ക്രിമിനലാണ്. ഒരു വിദ്യാർഥിയെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം തനിക്കറിയില്ലെന്നും താൻ അഡ്മിഷന്റെ തിരക്കിലായിരുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാധ്യമങ്ങളോട് ഇറങ്ങി പോകാൻ പറയുകയും ചെയ്ത അദ്ദേഹത്തിനെതിരെ സർക്കാർ നടപടിയെടുക്കണം. അധ്യാപകരും വിദ്യാർഥികളും ചേർന്ന് ആ ക്യാംപസ് തകർക്കുകയാണ്. കോളേജിലെ ഒരു വിദ്യാർഥിയുടെ ആത്മഹത്യ ശ്രമത്തിൽ ആരോപണവിധേയരായ യൂണിറ്റ് അം​ഗങ്ങൾക്കെതിരെ എസ്എഫ്ഐ നടപടി എടുക്കുന്നില്ലെന്നും അരുൺ കൂട്ടിച്ചേർത്തു.

ഇടതുപക്ഷ പ്രസ്ഥാനത്തിന് വലിയ തിരിച്ചടികൾ നേരിടുമ്പോൾ കേരളത്തിലെ കലാലയങ്ങളെ നന്നായി നയിച്ച് ഇടതുപക്ഷ മനസ്സാക്കി മാറ്റേണ്ട ഉത്തരവാദിത്വമുള്ള സംഘടനയാണ് എസ്എഫ്ഐ. എഐഎസ്എഫിനെക്കാളും വലിയ സം​ഘടനയാണ് എസ്എഫ്ഐ എന്നും അരുൺ പറഞ്ഞു.