തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാം വർഷ വിദ്യാർഥി അഖിലിനെ എസ്എഫ്ഐ യൂണിറ്റ് അം​ഗങ്ങൾ ചേർന്ന് വധിക്കാൻ ശ്രമിച്ച കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. എൽഡിഎഫ് കൺവീണറുടെ പ്രതികരണവും ദേശാഭിമാനി പത്രത്തിൽ വന്ന വാർത്തയുമെല്ലാം യൂണിവേഴ്സിറ്റി കോളേജിൽ നടന്ന സംഭവങ്ങളെ ന്യായീകരിക്കുന്നതാണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

കേരളം മര്യാദയുടെ സീമകൾ ഇല്ലാത്ത നാടായി മാറിയിരിക്കുകയാണ്. 'കോമ്രേഡ്' എന്ന വാക്കിന്റെ അർത്ഥം കോടിയേരി വിശദീകരിക്കണമെന്നും ശ്രീഘരൻ പിള്ള പറഞ്ഞു. കേസില്‍ ഉള്‍പ്പെട്ട പ്രതികളുടെ വീട്ടിൽ നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത സഭവത്തിൽ പിഎസ്‌സി, പാർട്ടി വിങ് ആയി മാറിയിരിക്കുന്നതായും ശ്രീധരൻ പിള്ള കുറ്റപ്പെടുത്തി.

യൂണിവേഴ്‌സിറ്റി കോളേജ് സംഭവവും അനുബന്ധ സംഭവങ്ങളും സിബിഐ അന്വേഷിക്കണം എന്ന് ബിജെപി ആവശ്യപ്പെടുന്നു. യൂണിവേഴ്സിറ്റി കോളേജ് സംഭവുമായി ബന്ധപ്പെട്ട് ബിജെപി സംഘടിപ്പിക്കുന്ന സെക്രട്ടേറിയറ്റ് പ്രതിഷേധ മാർച്ച് ജൂലൈ 26 നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.