Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജ് സംഘർഷം: വിദ്യാർത്ഥിക്ക് അടിയന്തര ശസ്ത്രക്രിയ, മന്ത്രി റിപ്പോർട്ട് തേടി

ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീൽ കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. വിദ്യാർത്ഥിയെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

university college protests minister sought report
Author
Thiruvananthapuram, First Published Jul 12, 2019, 5:32 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായ സംഘർഷത്തിൽ സർക്കാർ ഇടപെടുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ ടി ജലീൽ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് തേടി. എന്താണ് സംഘർഷത്തിന് വഴിവച്ചതെന്ന കാര്യം പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം. 

സംഘർഷത്തെക്കുറിച്ച് പരിശോധിച്ച് വരികയാണെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കട്ടെ എന്നുമായിരുന്നു കോളേജ് പ്രിൻസിപ്പാളിന്‍റെ പ്രതികരണം. ഇതിനിടെ, ആക്രമണത്തിൽ കോളേജിന് പുറത്തു നിന്നുള്ളവരുൾപ്പടെ പങ്കെടുത്തെന്നും, ഇവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ പ്രിൻസിപ്പാളിന് പരാതി നൽകി. 300 പേർ ഒപ്പിട്ട ഭീമൻ പരാതിയാണ് നൽകിയിരിക്കുന്നത്. 

ഇതിനിടെ, നെഞ്ചിന് കുത്തേറ്റ അഖിലിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയനാക്കണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അഖിലിന് ആന്തരിക രക്തസ്രാവമുള്ളതിനാൽ ഉടൻ ശസ്ത്രക്രിയ വേണം. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് ബി എ വിദ്യാർത്ഥിയായ അഖിലിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

ക്യാംപസിലിരുന്ന് ഒരു സംഘം വിദ്യാർത്ഥികൾ പാട്ടു പാടിയതിന് പിന്നാലെയാണ് പ്രശ്നമുണ്ടായത്. അറബിക് വകുപ്പിലെ ഉമൈർ എന്ന വിദ്യാർത്ഥിയെയാണ് ആദ്യം മർദ്ദിച്ചത്. എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികളടക്കം വന്നാണ് മർദ്ദിച്ചത്. ഇത് ചോദ്യം ചെയ്തതിനാണ് അഖിലിനെ മർദ്ദിച്ചത്. ക്യാംപസിലെ ഒരു വശത്ത് നിന്ന് ഗേറ്റിന്‍റെ മുൻവശം വരെ വളഞ്ഞിട്ട് നടന്ന് തല്ലി. ഇതിന് ശേഷം 'ഇടിമുറി'യിലേക്ക് കൊണ്ടുപോയി. കോളേജിലെ യൂണിറ്റ് കമ്മിറ്റി ഓഫീസിന്‍റെ പേരാണ് 'ഇടിമുറി'. അവിടെയിട്ടും അഖിലിനെ തല്ലി. തുടർന്നാണ് കത്തി കൊണ്ട് നെഞ്ചിൽ കുത്തിയതെന്നും പ്രിൻസിപ്പാളിന് നൽകിയ പരാതിയിൽ വിദ്യാർത്ഥികൾ ആരോപിക്കുന്നു. 

അഖിലിനെ ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആക്രമിക്കപ്പെട്ട അഖിലും എസ്എഫ്ഐ പ്രവര്‍ത്തകനാണ്.

ഇതേത്തുടർന്ന് യൂണിവേഴ്‍സിറ്റി കോളേജിൽ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലാത്ത തരത്തിൽ എസ്എഫ്ഐക്ക് തന്നെ എതിരെ പ്രതിഷേധം ഇരമ്പി. എസ്എഫ്ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ള വിദ്യാര്‍ത്ഥികള്‍ പരസ്യമായി പ്രതിഷേധിച്ചു. യൂണിവേഴ്‍സിറ്റി കോളേജിലെ യൂണിറ്റ് കമ്മിറ്റി അക്രമം അഴിച്ചു വിടുകയാണെന്നും കത്തിയും ആയുധങ്ങളുമായാണ് അഖിലിനെ ആക്രമിച്ചതെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. 

ഇതേത്തുടർന്ന് പ്രശ്നം പരിഹരിക്കാൻ എസ്എഫ്ഐ ഏരിയാ സെക്രട്ടറി ഉൾപ്പടെയുള്ളവരെത്തി. പക്ഷേ പ്രതിഷേധത്തിൽ നിന്ന് പിൻമാറാൻ വിദ്യാർത്ഥികൾ തയ്യാറായില്ല. ക്യാംപസിനകത്ത് സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തടഞ്ഞു. 

കോളേജിന് മുന്നിൽ പ്രതിഷേധം

ഇതിനിടെ, സംഘർഷങ്ങൾക്കെതിരെ കോളേജിനു മുന്നിൽ പ്രതിഷേധിച്ചെത്തിയ കെഎസ്‍യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. എംഎസ്എഫ് - എബിവിപി പ്രവർത്തകരും കോളേജിലേക്ക് പ്രതിഷേധവുമായി എത്തിയിരുന്നു. യൂണിവേഴ്‍സിറ്റി കോളേജിൽ എസ്എഫ്ഐക്കാർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡണ്ട് കെ എം അഭിജിത് ആരോപിച്ചു. അക്രമങ്ങളെക്കുറിച്ച് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മറുപടി പറയണം.

അക്രമികളായ വിദ്യാർത്ഥികൾക്ക് കോളേജിലെ പ്രിൻസിപ്പൽ ഉൾപ്പെടെ സംരക്ഷണം നൽകുകയാണ്. എകെജി സെന്‍ററിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് യൂണിവേഴ്‍സിറ്റി കോളജിലെ എസ്എഫ്ഐയുടെ പ്രവർത്തനം. പൊലീസിനെ ആക്രമിച്ചവർക്ക് പോലും സംരക്ഷണം നൽകുന്ന സമീപനമാണ് കാര്യങ്ങൾ ഈ നിലയിലെത്താൻ കാരണമെന്നും അഭിജിത് ആരോപിച്ചു.

Follow Us:
Download App:
  • android
  • ios