Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജ് സംഘര്‍ഷം:പൊലീസ് നല്‍കിയ ഉറപ്പില്‍ സമരം അവസാനിപ്പിക്കുന്നതായി ചെന്നിത്തല

"ഇതെന്ത് ജനാധിപത്യമാണ്? എന്തു നാടാണിത്?" 

university college scuffle ramesh chennithala reaction
Author
Thiruvananthapuram, First Published Nov 29, 2019, 7:05 PM IST

തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിലെ കെഎസ്‍യു-എസ്എഫ്ഐ സംഘര്‍ഷത്തെത്തുടര്‍ന്ന് കെഎസ്‍യു പ്രവര്‍ത്തകര്‍ നടത്തിയ സമരം, കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന പൊലീസിന്‍റെ ഉറപ്പിനെത്തുടര്‍ന്ന് അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും സമരം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

ചെന്നിത്തലയുടെ പറഞ്ഞത്...

ഹോസ്റ്റലില്‍ കയറി കെഎസ്യു വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് അവന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ കത്തിച്ച് നാട്ടില്‍ ഒരുത്തര്‍ക്കും ജീവിക്കാന്‍ കഴിയാത്ത അവസ്ഥാവിശേഷത്തിലേക്ക് പോകുകയാണ്. അതില്‍ പ്രതിഷേധിച്ച  പ്രവര്‍ത്തകരെ സസ്പെന്‍റ് ചെയ്തതായി പ്രിന്‍സിപ്പാള്‍ മൈക്കിലൂടെ അനൗണ്‍സ് ചെയ്തു. അതിന്‍റെ പേരില്‍ പ്രിന്‍സിപ്പാളിനെ ബന്ദിയാക്കിയ ശേഷമുണ്ടായ നടപടിയാണ് എസ്എഫ്ഐയുടെ അക്രമം. വേറൊരു വിദ്യാര്‍ത്ഥി സംഘടനക്കും കേരളത്തില്‍ പ്രവര്‍ത്തിക്കേണ്ടേ?

Read Also: യൂണി. കോളേജിൽ വീണ്ടും എസ്എഫ്ഐ കെഎസ്‍യു സംഘർഷം: കല്ലേറ്, തെരുവ് യുദ്ധം - വീഡിയോ

ഇതെന്ത് ജനാധിപത്യമാണ്? എന്തു നാടാണിത്? സസ്പെന്‍റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്ന് പറയാനാണ് കെഎസ്‍യു നേതാക്കള്‍ എത്തിയത്. അല്ലാതെ അവരാരും മര്‍ദ്ദിക്കാന്‍ ആളുകളെയും കൊണ്ട് വന്നതല്ല. അവര്‍ പ്രിന്‍സിപ്പാളിനെ കാണാന്‍ ചെന്നപ്പോഴാണ് ഗുണ്ടകള്‍ അവരെ മര്‍ദ്ദിച്ചത്.

ഈ നാട്ടില്‍ നിയമം ഉണ്ടാവേണ്ടേ? പൊലീസിനെ അക്രമിച്ചിട്ടു പോലും അവരുടെ പേരില്‍ നടപടിയുണ്ടാകുന്നില്ല. പൊലീസുദ്യോഗസ്ഥരോട് ഞങ്ങള്‍ ഒരു കാര്യമേ പറഞ്ഞുള്ളു. ഈ കുട്ടികളെ മര്‍ദ്ദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണം. ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ എന്നോട് പറഞ്ഞത് നടപടിയുണ്ടാകുമെന്നാണ്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും കേസെടുക്കും നടപടിയുണ്ടാകുമെന്നാണ്. ഞങ്ങളോട് പറഞ്ഞ വാക്കു പാലിച്ചില്ലെങ്കില്‍ ഞാനുള്‍പ്പടെ വീണ്ടും സത്യഗ്രഹമനുഷ്ഠിക്കും. 

അതേസമയം, യൂണിവേഴ്‍സിറ്റി കോളേജില്‍ കെഎസ്‍യു പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് കായംകുളത്ത് കെ എസ് യു  പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതേത്തുടര്‍ന്ന് വൻ ഗതാഗത തടസം ഉണ്ടായി. എറണാകുളത്തും കോണ്‍ഗ്രസ് പ്രതിഷേധം ഉണ്ടായി. പ്രവര്‍ത്തകര‍് എംജി റോഡ് ഉപരോധിച്ചു. എറണാകുളം എം എൽഎ ടി.ജെ വിനോദിന്റ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. 

ഇവരെ അറസ്റ്റ് ചെയ്ത് നീക്കാൻ പൊലീസ് ശ്രമിച്ചതോടെ  നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി. അറസ്റ്റ് വരിക്കാതെ പ്രവർത്തകർ പ്രതിരോധിക്കുകയായിരുന്നു. 
ഇവര്‍ റോഡിൽ ടയർ കൂട്ടി കത്തിച്ചു.  

Read Also: യൂണി. കോളേജ് ഹോസ്റ്റലിൽ കൊലവിളി നടത്തിയ 'എട്ടപ്പൻ' മഹേഷിനെ തള്ളിപ്പറഞ്ഞ് എസ്എഫ്ഐ



 

Follow Us:
Download App:
  • android
  • ios