Asianet News MalayalamAsianet News Malayalam

പിഎസ്‍സി തട്ടിപ്പ്: എസ്എഫ്ഐ നേതാക്കളുടെ തട്ടിപ്പ് ആസൂത്രണത്തോടെ, സർക്കാർ പ്രതിരോധത്തിൽ

സംഭവത്തിൽ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂർണ്ണമായും തള്ളിയിരുന്നു

University college SFI PSC exam controversy Government under pressure
Author
Thiruvananthapuram, First Published Aug 6, 2019, 6:55 AM IST

തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നേതാക്കളായിരുന്നവർ പിഎസ്‌സി പരീക്ഷയിൽ ഉന്നത വിജയം നേടിയതെന്ന കണ്ടെത്തൽ സർക്കാരിനും തിരിച്ചടിയായി. പരീക്ഷയുടെ ചോദ്യപ്പേപ്പർ തന്നെ ചോർന്നിരിക്കാമെന്നാണ് സംശയം ഉയർന്നിരിക്കുന്നത്.

പ്രതികളുടെ ഉന്നതറാങ്കിൻറെ പേരിൽ പിഎസ് സിയെ വിമർശിക്കേണ്ടെന്ന നിലപാടെടുത്ത സർക്കാറിനും ഇത് കടുത്ത തിരിച്ചടിയായി. യൂണിവേഴ്സിറ്റി കോളേജിലെ എസ്ഫ്ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്തും നസീമും പ്രണവും പിഎസ്‌സി പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയതിന് പിന്നിൽ തട്ടിപ്പുണ്ടെന്നാണ് വിജിലൻസ് കണ്ടെത്തൽ.  പിഎസ് സിയുടെ കെഎപി നാലാം ബറ്റാലിയനിലേക്കുള്ള പരീക്ഷയിൽ ശിവരജ്ഞിത്തിന് ഒന്നും പ്രണവിന് രണ്ടും നസീമിന് 28ാം റാങ്കുമാണ് ലഭിച്ചത്.

എസ്എഫ്ഐ പ്രവർത്തകനായ അഖിലിനെ കുത്തിയകേസിന് പിന്നാലെ പ്രതികളുടെ റാങ്ക് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. സംഭവത്തിൽ പിഎസ് സി അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ക്രമക്കേടുണ്ടെന്ന പ്രതിപക്ഷ നിലപാടിനെ മുഖ്യമന്ത്രി അന്വേഷണം തീരും മുമ്പ് പൂർണ്ണമായും തള്ളിയിരുന്നു. ഇതാണ് ഇപ്പോൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.

ക്രമക്കേട് നടന്നെന്ന റിപ്പോർട്ടിന് പിന്നാലെ സിബിഐ അന്വേഷണമെന്ന ആവശ്യം പ്രതിപക്ഷം വീണ്ടും ശക്തമാക്കും. ശിവരജ്ഞിത്തിൻറെയും പ്രണവിൻറെയും മൊബൈലേലിക്ക് പരീക്ഷാ സമയത്ത് തുടർച്ചയായി ഉത്തരങ്ങൾ എസ്എംഎസായി എത്തിയെന്നാണ് കണ്ടെത്തൽ. ഇത് ചോദ്യപേപ്പർ ചോർന്ന് പുറത്തുപോയതിന്റെ തെളിവാണെന്നാണ് കണ്ടെത്തൽ. 
പ്രണവിൻറെ സുഹൃത്തിൻറെ ഫോണിൽനിന്നും ഗ്രൂപ്പ് എസ്എംഎസ്സായാണ് ഉത്തരങ്ങൾ പോയതെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. സുഹൃത്തിന് ചോദ്യങ്ങളെങ്ങനെ കിട്ടി എന്നതാണ് ദുരൂഹം. യൂണിവേഴ്സിറ്റി കോളേജിലടക്കം പരീക്ഷാ കേന്ദ്രമുണ്ടായിരുന്നു. ഇവിടെ നിന്നായിരിക്കാം ചോദ്യം ചോർന്നതെന്നാണ് സംശയിക്കുന്നത്.  

മൂന്ന് പേരും പരീക്ഷ എഴുതിയ കേന്ദ്രങ്ങളിലെ ഇൻവിജിലേറ്റർമാരും സൂപ്രണ്ടുമാരും അസാധാരണമായി ഒന്നും നടന്നില്ലെന്നാണ് മൊഴി നൽകിയത്. മൂന്ന് കേന്ദ്രങ്ങളിലെയും അഞ്ച് വീതം ഉദ്യോഗാർത്ഥികളും നൽകിയ മൊഴിയും സമാനരീതിയിൽ. എന്നാൽ സൈബ‍ർസെൽ പരിശോധനയാണ് നിർണ്ണായകമായത്. മൊബൈൽ ഉപയോഗം പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും പ്രതികൾക്ക് സഹായം കിട്ടിയെന്നതിൻറെ സൂചനയാണ്.

Follow Us:
Download App:
  • android
  • ios