രാജി നിർദേശത്തിനാധാരമായ രേഖകൾ വിളിച്ചു വരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വി സി രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

തിരുവനന്തപുരം : രാജി ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് റദ്ദാക്കണമെന്നാണ് കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെയും വിസിമാർ ഹർജിയിലൂടെ ഹൈക്കോടതിയിൽ ആവശ്യപ്പെടുന്നത്. രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപത് സർവകലാശാലാ വിസിമാരും ചാൻസിലർ, സർക്കാർ എന്നിവരെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയിട്ടുള്ളത്.

രാജി നിർദേശത്തിനാധാരമായ രേഖകൾ വിളിച്ചു വരുത്തണം. വിസിമാരുടെ പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടുന്നത് തടയണം. വി സി രാജിവെക്കണമെന്ന് ആവശ്യപ്പെടാൻ ഗവർണർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഗവർണറുടെ നോട്ടീസ് സ്റ്റേ ചെയ്‌ത് സ്ഥാനത്ത് തുടരാൻ അനുവദിക്കണമെന്നും ഹർജിയിലുണ്ട്. നിയമനം നടത്തിയത് ഗവർണറാണ്. അതേ ഗവർണറാണ് നടപടി തെറ്റാണെന്നും രാജി വെക്കണമെന്നും ആവശ്യപ്പെടുന്നതെന്നത് തെറ്റായ രീതിയാണെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടുന്നു.

ഓരോ വിസിമാരും ഹൈക്കോടതിയിൽ പ്രത്യേകം ഹർജി നൽകിയിട്ടുണ്ട്. 2019 തന്നെ വിസിയായി തന്നെ നിയമിച്ചത് ഗവർണറാണെന്നും ഗവർണരുടെ നോട്ടീസ് നിയമപരമായി നിലനിൽക്കില്ലെന്നുമാണ് എംജി യൂണിവേഴ്സിറ്റി വിസി നൽകിയ ഹർജിയിൽ പറയുന്നത്. യൂണിവേഴ്സിറ്റി ചട്ടപ്രകാരമാണ് വൈസ്ചാൻസിലർ സ്ഥാനത്തേക്കുള്ള തന്റെ നിയമനമുണ്ടായത്. താൻ ചുമതല നിർവ്വഹിക്കുന്നതിനിടെ രാജി ആവശ്യപ്പെടുന്നത് 
വിവേചനപരമാണ്. ചാൻസലർ സ്റ്റാറ്റ്യൂട്ടറി അതോരിറ്റിയാണ്. അത്തരം അതോരിറ്റിയുടെ ഉത്തരവ് നീതിപൂർവമായിരിക്കണം. തന്റെ മറുപടി പോലും കേൾക്കാതെ ദീപാവലി ദിവസം തന്നെ രാജി വെക്കാൻ ആവശ്യപ്പെടുത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും ഹർജിയിൽ എംജി യൂണിവേഴ്സിറ്റി വിസി ഹർജിയിൽ ചൂണ്ടിക്കാട്ടി. 
രാവിലെ പതിനൊന്നരയ്ക്ക് മുൻപ് രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം തള്ളിയ ഒൻപത് സർവകലാശാലാ വിസിമാരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രാജിവെക്കേണ്ടതില്ലെന്ന് സർക്കാരും വിസിമാരോട് നിർദേശിച്ചതോടെയാണ് കോടതിയെ സമീപിച്ചത്. ഉന്നതവിദ്യാഭ്യാസ മേഖല സ്തംഭിക്കുന്ന വിഷയം ആയതിനാൽ അടിയന്തിരമായി പരിഗണിക്കണമെന്ന വിസിമാരുടെ അഭിപ്രായം അംഗീകരിച്ച ഹൈക്കോടതി ഇന്ന് വൈകീട്ട് നാല് മണിക്ക് അടിയന്തിര സിറ്റിംഗ് നടത്തും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ആണ് വിസിമാരുടെ ഹർജി പരിഗണിക്കുക.