തിരുവനന്തപുരം: അസാധാരണമായ കാലാവസ്ഥാ മാറ്റത്തിലൂടെയാണ് പുതുവര്‍ഷത്തില്‍ കേരളം കടന്നുപോകുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റലുമധികം മഴ കിട്ടിയ ജനുവരി മാസമാണിത്. കാര്‍ഷിക കലണ്ടറിന്‍റെ താളം തെറ്റിയതോടെ സംസ്ഥാനത്ത് വിള ഉത്പാദനത്തില്‍ 30 ശതമാനം വരെ ഇടിവുണ്ടാകുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ആഗോള കാലാവസ്ഥാ വ്യതിയാനം കേരളത്തിലും ദൃശ്യമായ വർഷമാണ് കടന്നുപോയത്. 2020-ല്‍ ശരാശരിയിലും കൂടുതല്‍ മഴയാണ് സംസ്ഥാനത്ത് പെയ്തത്. കാലവര്‍ഷം ശരാശരിയിലും കൂടുതല്‍ പെയ്തപ്പോള്‍ തുലാവർഷക്കാലത്ത് 26 ശതമാനം മഴ കുറഞ്ഞു.

ചെറിയ സംസ്ഥാനമായ കേരളത്തിലെ പല ജില്ലകളിലും പെയ്ത മഴയില്‍ വലിയ അന്തരമുണ്ടായി. ഡിസംബര്‍ 31-ന് തുലാവര്‍ഷം പിന്‍വാങ്ങി. വേനല്‍മഴ കിട്ടുന്നത് മാര്‍ച്ച് 1 മുതല്‍ മെയ് 31 വരെയുള്ള കാലത്താണ്. എന്നാല്‍ ജനുവരി മാസം തുടക്കം തന്നെ പതിവ് തെറ്റിച്ചു.

ജനുവരി മാസത്തില്‍ ശരാശരി കിട്ടേണ്ടത് 8 മില്ലീമീറ്റർ മഴ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ  10 ദിവസത്തിനിടെ പെയ്തത് 88.6 മി.മി.മഴ. മാവ്, കശുമാവ് തുടങ്ങിയ പൂക്കുന്ന സമയമാണിത്. കാലം തെറ്റിയ മഴ ഇവയെ എല്ലാം സാരമായി ബാധിക്കും. നെല്ലിന്‍റെ കൊയ്ത്തിനും മഴ വില്ലനാവുകയാണ്. റബ്ബര്‍ മരങ്ങളുടെ ഇല പൊഴിയല്‍ വൈകുന്നത് ഉത്പാദനത്തില്‍ ഇടിവുണ്ടാക്കും.

പസഫിക് സമുദ്രത്തില്‍ നിലവിലുള്ള 'ലാനിന' സാഹചര്യത്തിനൊപ്പം, ആഗോള കാലാവസ്ഥാ പ്രതിഭാസമായ മാഡന്‍ ജൂലിയന്‍ ഓസിലേഷന്‍ അനുകൂലമായി വന്നതും ഇപ്പോഴത്തെ മഴക്ക് കാരണമായി. അറബിക്കടലിലും തമിഴ്നാട് തീരത്തും രൂപം കൊണ്ട ചക്രവാളച്ചുഴിയും പല ജില്ലകളിലും അസാധാരണ മഴക്ക് വഴിവച്ചു. നാളെയും മറ്റന്നാളും തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴക്ക് സാധ്യതയുണ്ട്. ചൊവ്വാഴ്ചക്ക് ശേഷം മഴ കുറയാനാണ് സാധ്യത.