ഒരുതരത്തിലും തന്നെ സനോജ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാനാണ് ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ പറഞ്ഞ് വരുന്നതെന്നും മൊണാലിസ പറഞ്ഞു.
സംവിധായകൻ സനോജ് മിശ്രയ്ക്ക് എതിരെ ഗുരുതര ആരോപണവുമായി വൈറൽ ഗേൾ മൊണാലിസ. സനോജ് മിശ്ര സിനിമാ സെറ്റിൽ വച്ച് പലതവണ തന്റെ ദേഹത്ത് കയറിപ്പിടിച്ചുവെന്നും വീട്ടുകാരോട് ഇക്കാര്യം തുറന്നു പറഞ്ഞെങ്കിലും അതവർ കാര്യമായി എടുത്തില്ലെന്നും മൊണാലിസ ആരോപിച്ചു. തനിക്ക് പതിനെട്ട് വയസ് ആകുന്നതിന് മുൻപാണ് ഈ ദുരനുഭവം ഉണ്ടായതെന്നും എറണാകുളത്ത് നടന്ന വാർത്താ സമ്മേളനത്തിൽ മൊണാലിസ പറഞ്ഞു.
"സനോജ് മിശ്ര നല്ലൊരു മനുഷ്യനല്ല. അയാൾ പല തവണ സെറ്റിൽ വച്ച് എന്നോട് മോശമായി പെരുമാറി. ദേഹത്ത് കയറിപ്പിടിച്ചു. സനോജ് മിശ്ര എന്നെ തൊട്ട കാര്യം വീട്ടുകാരോട് പറഞ്ഞിരുന്നു. പക്ഷേ എനിക്കൊപ്പം നിൽക്കാൻ വീട്ടുകാർ തയ്യാറായില്ല. കുടുംബത്തിലെ എല്ലാവരോടും ഇക്കാര്യം ഞാൻ പറഞ്ഞു. ആരും ഒപ്പം നിന്നില്ല. ഇത് നിന്റെ ആദ്യത്തെ സിനിമയല്ലേ എന്ന് പറഞ്ഞ് അവർ ഒഴിഞ്ഞ് മാറി. അവർക്ക് പണം മതിയായിരുന്നു", എന്നാണ് മൊണാലിസ പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു.
നെപ്പാളിലും ഡെറാഡൂണിൽ വച്ചുമാണ് ദുരനുഭവം ഉണ്ടായത്. സത്യം മറച്ചു വെക്കാന്‍ ആണ് സനോജ് മിശ്ര അനാവശ്യ വിവാദം ഉണ്ടാക്കുന്നതെന്നും മൊണാലിസ പറഞ്ഞു. ഒരുതരത്തിലും തന്നെ സനോജ് ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യങ്ങൾ പുറത്തുപറയാതിരിക്കാനാണ് ലൗ ജിഹാദ് പോലുള്ള കാര്യങ്ങൾ പറഞ്ഞ് വരുന്നതെന്നും മൊണാലിസ പറഞ്ഞു. ഇയാൾക്കെതിരെ പരാതി കൊടുക്കാൻ ആലോചിക്കുകയാണെന്നും മൊണാലിസ വ്യക്തമാക്കി. ഭർത്താവ് ഫർമാനൊപ്പം ആയിരുന്നു മൊണാലിസ പത്രസമ്മേളനത്തിന് എത്തിയത്.
രണ്ടാഴ്ച മുന്‍പായിരുന്നു മൊണാലിസയുടേയും ഫര്‍മാന്റെയും വിവാഹം. സിനിമ ഷൂട്ടിങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു ഇരുവരും. അച്ഛൻ നാട്ടിലേക്ക് നിര്‍ബന്ധിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നുവെന്നാണ് മൊണാലിസ അന്ന് പറഞ്ഞത്.



