വെള്ളിയാഴ്ച രാത്രിയാണ് ഷാജഹാൻ ഓടിച്ച കാറിടിച്ച് ഭിക്ഷാടകനായ വയോധികൻ മരിച്ചത്. കാറിടിച്ചതിന് ശേഷം വാഹനം നിർത്താതിരുന്ന പ്രതി, കാറിനടിയിൽ കുരുങ്ങിയ വയോധികനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഒരു ഇടറോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കൊല്ലം: വയോധികൻ കാറിടിച്ച് മരിച്ച സംഭവത്തിൽ പ്രതിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെതിരെയാണ് കുറ്റകരമായ നരഹത്യാ വകുപ്പ് ചുമത്തി കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ് ഷാജഹാൻ ഓടിച്ച കാറിടിച്ച് ഭിക്ഷാടകനായ വയോധികൻ മരിച്ചത്. കാറിടിച്ചതിന് ശേഷം വാഹനം നിർത്താതിരുന്ന പ്രതി, കാറിനടിയിൽ കുരുങ്ങിയ വയോധികനെ രണ്ട് കിലോമീറ്ററോളം ദൂരമാണ് വലിച്ചിഴച്ചത്. തുടർന്ന് ഗുരുതരമായി പരിക്കേറ്റ വയോധികനെ ഒരു ഇടറോഡിൽ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
കരുനാഗപ്പള്ളി വവ്വക്കാവിലായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വാഹനം നിർത്താതെ ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമാണ് ഷാജഹാൻ കാറുമായി സഞ്ചരിച്ചത്. തുടർന്ന് ഒരു ഇടറോഡിൽവെച്ച് കാറിൽ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞദിവസം പൊലീസ് കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഷാജഹാനെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.














