പറവൂർ കോട്ടുവള്ളി-ചെറിയപ്പിള്ളി മേഖലയിലെ കടകളിൽ മോഷണം
കൊച്ചി: മോഷണം പലവിധമാണെങ്കിലും പറവൂർ കോട്ടുവള്ളി-ചെറിയപ്പിള്ളി മേഖലയിലെ കടകളിലെ മോഷണം അല്പം വ്യത്യസ്തമാണ്. പണത്തിന് പകരം പലചരക്ക് കടകളിലെ വിവിധ സാധനങ്ങളാണ് ഇവിടെ മോഷണം പോകുന്നത്. പൊതിച്ച തേങ്ങ, സിഗരറ്റ്,ബീഡി, ടൂത്ത് പേസ്റ്റ്, ചിപ്സ് എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ചെറിയപ്പിള്ളിയിലെ ഷിബു ചെത്തിക്കാടന്റെ പലചരക്കുകട കുത്തിത്തുറന്ന് 8000 രൂപയോളം വിലമതിക്കുന്ന സാധനങ്ങളാണ് മോഷ്ടിച്ചത്. രണ്ട് ദിവസം മുൻപ് സമീപത്തെ ചായക്കടയിൽ നിന്നും ചിപ്സും മോഷണം പോയിരുന്നു. ഈയിടെ ചെറിയപ്പിള്ളി ജങ്ഷനിലെ പച്ചക്കറി കടയിൽ നിന്നും രണ്ട് തവണയായി തേങ്ങകളും മോഷ്ടിച്ചിരുന്നു. അതും ചാക്കിൽ കെട്ടി വെച്ചിരുന്ന പൊതിച്ച തേങ്ങകൾ.

ദേശീയപാതയുടെ നിർമാണ ജോലികൾ നടക്കുന്ന ചെറിയപ്പിള്ളി മേല്പാലത്തിന് അടുത്തായി നിരവധി ചെറിയ കുട്ടികളും യുവാക്കളും സ്ഥിരമായി എത്താറുണ്ടെന്ന് സമീപത്തെ കച്ചവടക്കാർ പറയുന്നു. ഈ ഭാഗത്ത് വാഹനങ്ങൾക്ക് എത്തിച്ചേരാൻ കഴിയാത്ത ഇടങ്ങളിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്പന നടക്കുന്നതായി സംശയമുണ്ടെന്നും കച്ചവടക്കാർ പറയുന്നു. വിഷയത്തിൽ പൊലീസിന്റെ അടിയന്തര ഇടപെടൽ വേണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു. ഇവിടേക്കെത്തുന്നവരിൽ ഭൂരിഭാഗവും അപരിചിതരാണെന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.



