ദില്ലി: ഹാഥ്ററസ് കേസ് റിപ്പോർട്ടിംഗിനായി പോകവേ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുമതി തേടി യുപി പൊലീസ് മഥുര കോടതിയെ സമീപിച്ചു. കാപ്പന്റെ ഫോണിൽ നിന്നും മലയാളത്തിലുള്ള വോയിസ് ക്ളിപ്പ് ലഭിച്ചെന്നും അത് പരിശോധിക്കാനായി സിദ്ദിഖ് കാപ്പന്റെ ശബ്ദ, കൈയ്യക്ഷര സാംപിളുകൾ ശേഖരിക്കാൻ അനുവദിക്കണമെന്നുമാണ് യുപി സ്പെഷ്യൽ ടാസ്ക്ക് പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടത്. 

ഒക്ടോബർ 5-നാണ് ഹാഥ്റസിലെ ബലാത്സംഗ കൊലപാതകം റിപ്പോർട്ട് ചെയ്യാൻ പോകുന്ന വഴിക്ക് സിദ്ദിഖ് കാപ്പനെ യുപി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കാപ്പനും, ഒപ്പമുണ്ടായിരുന്നവരിൽ നിന്നുമായി ആറ് ഫോണുകൾ കണ്ടെത്തിയിരുന്നു. ഈ ഫോണുകളിൽ നിന്ന് വോയ്സ് ക്ലിപ്പ് ലഭിച്ചെന്നാണ് യുപി പൊലീസിന്റെ വാദം. 

നിലവിൽ മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ആദ്യം അഭിഭാഷകനെയടക്കം കാണുന്നതിൽ നിന്ന് കാപ്പനെ യുപി പൊലീസ് വിലക്കിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇടപെട്ട് അസുഖബാധിതയായ അമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാൻ സിദ്ദിഖിന് 5 ദിവസത്തേക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.