തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം വളരെക്കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇന്ന് സമ്പർക്കരോ​ഗികളുടെ എണ്ണം 801 ആണ്. ഇതിൽത്തന്നെ ഉറവിടം അറിയാത്ത 40 കേസുകളുണ്ട്. ഇന്ന് 15 ആരോ​ഗ്യപ്രവർത്തകർക്കും രോ​ഗം സ്ഥിരീകരിച്ചിട്ടുണ്ട്. സമ്പർക്കമാണ് രോഗവ്യാപനം വർധിക്കാൻ കാരണം. ഇതൊഴിവാക്കണമെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 33 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 29 പേരും സമ്പർക്കത്തിലൂടെ രോ​ഗം ബാധിച്ചവരാണ്. ഇടുക്കിയിൽ 26ൽ 8 പേർ സമ്പർക്കരോ​ഗികളാണ്. കൊല്ലത്ത് 57ൽ 56 കൊവിഡ് കേസുകളും സമ്പർക്കത്തിലൂടെയുളളതാണ്. കോട്ടയത്ത് ഇന്ന് 35 രോ​ഗികൾ 29 പേരും സമ്പർക്കത്തിലൂടെ രോ​ഗബാധയുണ്ടായവരാണ്. ആലപ്പുഴയിൽ 101ൽ 85 പേരാണ് സമ്പർക്കരോ​ഗികൾ. പാലക്കാട്ട് 59 പേർക്ക് ഇന്ന് രോ​ഗം സ്ഥിരീകരിച്ചതിൽ 17 പേർ സമ്പർക്കരോ​ഗികളാണ്. 

സമ്പർക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുന്നതിനാൽ കണ്ടെയ്ൻമെന്റ് സോൺ കണ്ടെത്തി മാർക് ചെയ്യാൻ പൊലീസിനെ ചുമതലപ്പെടുത്തുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലാ പൊലീസ് മേധാവിമാർ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കണം. കണ്ടെയ്ൻമെന്റ് സോണിൽ നിയന്ത്രണം ഫലപ്രദമാക്കാൻ പൊലീസ് നടപടി കർശനമാക്കും. ക്വാറന്റൈൻ ലംഘിച്ച് ചിലർ പുറത്തിറങ്ങുന്നു. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. രോഗവ്യാപന തോത് വർധിക്കാൻ ഇത് പ്രധാന ഘടകമാണ്. നിയന്ത്രണത്തിനുള്ള പൂർണ്ണ ചുമതല പൊലീസിന് നൽകുന്നു.

സമ്പർക്ക വിലക്ക് ലംഘിച്ചാൽ ബന്ധപ്പെട്ടവർ പൊലീസിനെ അറിയിക്കണം. മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ആളുകൾ അകലം പാലിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കണം. നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിയുന്നവർ ഇവിടെ നിന്ന് കടന്നുകളയുന്നു. ഇത്തരക്കാരെ കണ്ടെത്താൻ പൊലീസ് പെട്ടെന്ന് നടപടിയെടുക്കണം. പോസിറ്റീവായ ഒരാളുടെ കോണ്ടാക്ട് കണ്ടെത്തണം. പ്രൈമറി, സെക്കന്ററി കോണ്ടാക്ടാണ് കണ്ടെത്തേണ്ടത്. ഇത് പൊലീസ് നേരിട്ട് നിർവഹിക്കണം. അന്വേഷണ മികവ് അവർക്കുണ്ട്. ഇതുകൂടി ഉപയോഗിച്ച് ഇത്തരക്കാരെ കണ്ടെത്താൻ എസ്ഐയുടെ നേതൃത്വത്തിൽ ടീം പ്രവർത്തിക്കും. കോണ്ടാക്ട് ട്രേസിങ് നടത്തലാണ് ടീമിന്റെ പ്രധാന ചുമതല. പോസിറ്റീവ് ആളുകളുടെ സമ്പർക്ക പട്ടിക ഇപ്പോഴത്തെ വ്യാപന സാഹചര്യം പരിഗണിച്ച്, ചുമതല പൊലീസിന് നൽകുന്നു. 24 മണിക്കൂറിനകം കോണ്ടാക്ടുകൾ കണ്ടെത്തണം.

കണ്ടെയ്ൻമെന്റ് സോണിലും പുറത്തും അകലം പാലിക്കണം. 24 മണിക്കൂറും പൊലീസ് ജാഗ്രത പാലിക്കണം. ആശുപത്രികൾ, പച്ചക്കറി മാർക്കറ്റ്, മത്സ്യ മാഡക്കറ്റ്, വിവാഹ വീടുകൾ, മരണ വീടുകൾ, കച്ചവട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പൊലീസ് പ്രത്യേക ശ്രദ്ധ ചെലുത്തണം.  ഇക്കാര്യത്തിൽ സംസ്ഥാന തലത്തിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ ആവശ്യമായ നിർദ്ദേശവും ഉപദേശവും നൽകാൻ സംസ്ഥാന പൊലീസ് നോഡൽ ഓഫീസറായ കൊച്ചി കമ്മീഷണർ വിജയ് സാഖറെയെ ചുമതലപ്പെടുത്തി.

കണ്ടെയ്ൻമെന്റ് സോണുകൾ നിശ്ചയിക്കുന്നതിൽ മാറ്റമുണ്ട്. പോസിറ്റീവായ ആളുകളുടെ കോണ്ടാക്ടുകൾ കണ്ടെത്തിയാൽ ഇവർ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. അത് വേർതിരിച്ച് കണ്ടെയ്ൻമെന്റ് സോണാക്കും. ഇതിന് കൃത്യമായ മാപ്പ് തയ്യാറാക്കും. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ടെയ്ൻമെന്റ് സോൺ പ്രഖ്യാപിക്കും. മാറ്റം പോസിറ്റീവ് രോഗികളുടെ പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്തുകൊണ്ടായിരിക്കും. ഇവിടങ്ങളിൽ ഇപ്പോഴുള്ളത് പോലെത്തന്നെ നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാനുള്ള വ്യവസ്ഥകൾ ഉണ്ടാകും. ഈ സോണിലെ ആളുകൾക്ക് പുറത്തേക്കോ, മറ്റുള്ളവർക്ക് കണ്ടെയ്ൻമെന്റ് സോണിലേക്കോ പോകാൻ അനുവാദം ഉണ്ടാകില്ല. അവശ്യസാധനം വീടുകളിൽ എത്തിക്കും. അതിന് കടകളെ സജ്ജമാക്കും. കടകൾ വഴി വിതരണം ചെയ്യും. അത്ന് പ്രയാസമുണ്ടെങ്കിൽ പൊലീസോ, പൊലീസ് വളണ്ടിയറോ അവശ്യ സാധനം വീട്ടിലെത്തിക്കും. കണ്ടെയ്ൻമെന്റ് സോൺ ഒഴിവാകുന്നത് ഇതിനകത്തുള്ള പ്രൈമറി സെക്കന്ററി കോണ്ടാക്ടുകൾ രോഗമുക്തമായെന്ന് ഉറപ്പാക്കിയാലായിരിക്കും. ഇത് സ്വാഭാവികമായും കുറച്ചധികം പ്രയാസം ആളുകൾക്ക് ഉണ്ടാക്കും. രോഗം വന്ന് ജീവഹാനി ഉണ്ടാകുന്നതിലും ഭേദം പ്രയാസം അനുഭവിക്കലാണ്. സമ്പർക്കമാണ് രോഗവ്യാപനത്തിന് കാരണം. ഇതൊഴിവാക്കണം. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു.


Read Also: കൊവിഡ് വ്യാപനം കുറയുന്നില്ല; സംസ്ഥാനത്ത് ഇന്ന് 962 കൊവിഡ് കേസുകള്‍, 815 പേര്‍ക്ക് രോഗമുക്തി...