മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്. 

കോഴിക്കോട്: എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. ഇഡി ആവശ്യപ്പെട്ട രേഖകള്‍ നാളെ തന്നെ കൈമാറുമെന്ന് ഊരാളുങ്കൽ ലേബർ സൊസൈറ്റി അറിയിച്ചു. എല്ലാ കാര്യങ്ങളും ചട്ടങ്ങൾ പാലിച്ചാണ് ചെയ്തതെന്നും അത് കൊണ്ട് ആശങ്കയില്ലെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. അഞ്ച് വർഷത്തെ നിക്ഷേപ, കരാർ വിവരങ്ങളാണ് കൈമാറുക.

അന്വേഷണത്തിന്‍റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇന്നലെയാണ് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്. വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ സി എം രവീന്ദ്രന്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് ഇഡിയുടെ ആരോപണം. ചട്ടങ്ങല്‍ മറികടന്ന ഊരാളുങ്കലിന് വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ കൈമാറിയെന്നും ഇഡി അറിയിച്ചിട്ടുണ്ട്. ഇതിന്‍റ ഭാഗമായാണ് കഴിഞ്ഞ 5 വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങല്‍ കൈമാറണം എന്നാവശ്യപ്പെട്ട് ഇഡി ഊരാളുങ്കളിന് കത്ത് നല്‍കിയിരിക്കുന്നത്. ഇക്കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെയും പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും വിവരങ്ങള്‍ കൈമാറണം. ബാങ്ക് സ്റ്റേറ്റ്മെന്‍റും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.