ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്.
തൃശ്ശൂര്‍: കുടുംബത്തെ പെരുവഴിയിലാക്കി ബാങ്കിന്‍റെ ജപ്തി നടപടി. തൃശ്ശൂർ അർബൻ കോഓപ്പറേറ്റീവ് ബാങ്കിന്‍റേതാണ് നടപടി. ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തിന്റെ വീട് ബാങ്ക് അധികൃതര്‍ ജപ്തി ചെയ്യുകയായിരുന്നു. ജപ്തിയെ തുടര്‍ന്ന് അമ്മയും മക്കളും പെരുവഴിയിലാണ്. മുണ്ടൂർ സ്വദേശി ഓമന, മഹേഷ്, ഗിരീഷ് എന്നിവരാണ് വീടിന് പുറത്ത് നിൽക്കുന്നത്.
ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ബാങ്ക് അധികൃതര്‍ വീട് പൂട്ടി പോയത്. 2013 ലാണ് കുടുംബം ഒന്നര ലക്ഷം രൂപ വായ്പ എടുത്തത്. വായ്പ തിരിച്ചടവ് മുടങ്ങിയതോടെ പലിശയും പിഴ പലിശയും ചേർത്ത് ബാങ്കിന് ഓമന നൽകാനുണ്ടായിരുന്നത് മൂന്ന് ലക്ഷത്തിലധികം രൂപയാണ്. ഇതോടെയാണ് വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ കോടതി ഉത്തരവുമായി വന്ന ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. സാവകാശം ചോദിച്ചിട്ട് ബാങ്ക് അധികൃതര്‍ നല്‍കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കുടുംബാംഗങ്ങള്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോഴായിരുന്നു ബാങ്കിന്‍റെ നടപടിയെന്നും ഓമന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Also Read: ടിക്കറ്റ് എടുത്തത് ഉച്ചക്ക്, ഒപ്പം ജപ്തി നോട്ടീസും; ഒടുവിൽ മീൻ വിൽപ്പനക്കാരന് 70 ലക്ഷം
