Asianet News MalayalamAsianet News Malayalam

കുട്ടനാട് സീറ്റ് കോണ്‍ഗ്രസിനോ, പകരം ഏത് നല്‍കും? യുഡിഎഫില്‍ നിര്‍ണായക ചര്‍ച്ച

ഇന്നലെ രാത്രി നടന്ന ചർച്ചയിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഏകദേശ ധാരണയായതായാണ് വിവരം. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമെന്നാണ് കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തോട്  യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്

urgent udf meeting for discussing who will contest in kuttanad byelection
Author
Thiruvananthapuram, First Published Mar 6, 2020, 8:56 AM IST

തിരുവനന്തപുരം: കുട്ടനാട് സീറ്റ് സംബന്ധിച്ച അന്തിമ ചർച്ച ഇന്ന് തിരുവനന്തപുരത്ത് നടക്കും. സീറ്റ് കോൺഗ്രസ് ഏറ്റെടുത്താൽ പകരം നൽകുന്ന സീറ്റുമായി ബന്ധപ്പെട്ടാണ് തർക്കം. ഇന്നലെ രാത്രി നടന്ന ചർച്ചയിൽ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്ന് ഏകദേശ ധാരണയായതായാണ് വിവരം. വിജയസാധ്യതയാണ് പ്രധാന മാനദണ്ഡമെന്നാണ് കേരള കോണ്‍ഗ്രസിലെ ജോസഫ് വിഭാഗത്തോട്  യുഡിഎഫ് നേതാക്കൾ വ്യക്തമാക്കിയത്.

പാലാ ആവർത്തിക്കാൻ പാടില്ലെന്നും  ജോസഫ്, ജോസ് വിഭാഗങ്ങൾ തമ്മിലുള്ള തർക്കം കുട്ടനാട് ഉപതെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രന്‍, ബെന്നി ബെഹന്നാൻ എന്നിവർക്കൊപ്പം ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടിയും എം കെ മുനീറും ജോസഫ് വിഭാഗവുമായുള്ള ചർച്ചയിൽ പങ്കെടുത്തു.  

കുട്ടനാടിന് പകരം മുവാറ്റുപുഴ വേണമെന്നാണ് ജോസഫിന്‍റെ ആവശ്യം. ഇത് കോൺഗ്രസ് അംഗീകരിച്ചിട്ടില്ല. കുട്ടനാട് സീറ്റില്‍ ജയസാധ്യത കേരള കോണ്‍ഗ്രസിനാണെന്നാണ് പിജെ ജോസഫ് ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചത്. ഇക്കാര്യം യുഡിഎഫ് നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ചര്‍ച്ചകളി‍ല്‍ പുരോഗതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റില്‍ ഇന്ന് ധാരണയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാനും വ്യക്തമാക്കിയിരുന്നു. ജോസ് കെ മാണിയുമായും യുഡിഎഫ് നേതാക്കള്‍ ചര്‍ച്ച നടത്തും. ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും യുഡിഎഫിന്‍റെ കെട്ടുറപ്പാണ് പ്രധാനമെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജോസ് കെ മാണിയെയും പി ജെ ജോസഫിനെയും വിശ്വാസത്തിലെടുത്ത് തീരുമാനം പ്രഖ്യാപിക്കാനാണ് യുഡിഎഫ് നീക്കം.

Follow Us:
Download App:
  • android
  • ios