കൊല്ലം: ഉത്രയെ പാമ്പിനെ കൊണ്ടു കടിപ്പിച്ച കൊന്ന കേസിൽ ഭർത്താവും മുഖ്യപ്രതിയുമായ സൂരജിൻ്റെ വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യൽ ബ്രാഞ്ചുമാണ് വീട്ടിൽ പരിശോധന നടത്തുന്നത്. ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടിൽ പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. 

ഉത്രയുടെ കുടുംബ നൽകിയ ഗാർഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്പെഷ്യൽ ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറൻസിക് സംഘവും സൂരജിൻ്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്. അതേസമയം കേസിൽ സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കൽ സുരേഷ് എന്ന സുരേഷ് കുമാറിനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന. 

സൂരജ് രണ്ടു തവണ പാമ്പിനെ ഉപയോഗിച്ച് ഉത്രജയെ കടിപ്പിച്ചു കൊല്ലാൻ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ എന്നാൽ ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്സാക്ഷികളാരുമില്ല. അതിനാൽ തന്നെ രണ്ട് പാമ്പുകളേയും സൂരജിനെ വിറ്റ സുരേഷിൻ്റെ മൊഴി കേസിൽ നിർണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ കൂടെ ബലത്തിൽ സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്.